ഇസ്റാഈൽ – ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു. ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്റാഈൽ. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമാക്കി 140 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. തൊട്ടുപിന്നാലെ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. വൻതോതിലുള്ള ബോംബാക്രമണത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റോക്കറ്റാക്രമണം ഉണ്ടായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദാഹിയെയിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് ഒരു ഡ്രോൺ നിരവധി മിസൈലുകൾ തൊടുത്തുവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കൻ ലെബനനിലുടനീളം ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളോ പുറത്തുവിടാൻ ഇസ്റാഈൽ സൈന്യം തയ്യാറായിട്ടില്ല. എന്നാൽ, ഇസ്രായേലിന്റെ വ്യോമ പ്രതിരോധ താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്നും ഗ്രാമങ്ങളും വീടുകളും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും റോക്കറ്റാക്രമണത്തെ കുറിച്ച് ഹിസ്ബുല്ല വക്താവ് പറഞ്ഞു.
അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ വീണ്ടും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പിന്റെ ഒരു ഉന്നത കമാൻഡറും കൊല്ലപ്പെട്ടവരിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്‌വാൻ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖീലാണ് കൊല്ലപ്പെട്ടത്. നേരത്തേ, ജൂലൈയിൽ തെക്കൻ ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു.
എഫ്-35 ജെറ്റ് വിമാനങ്ങളാണ് ജനവാസ മേഖലയിൽ ഇടിച്ചതെന്ന് ഏജൻസി അറിയിച്ചു. ദഹിയയിലെ പ്രധാന ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്.
പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസവും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനനിൽ വ്യോമാക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെ യുദ്ധ പ്രഖ്യാപനമാണിതെന്നാണ് ഹിസ്ബുല്ല സംഘടനയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല പറഞ്ഞത്.
സെപ്റ്റംബർ 17, 18 തീയതികളിൽ ലെബനനിൽ പേജറുകളും വാക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 20ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുല്ല ആരോപിച്ചിരുന്നു. എന്നാൽ, ആക്രമണത്തിൽ പങ്കുണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
