കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി ആശുപത്രി വിട്ടു. വൈകിട്ടോടെയാണ് ആശുപത്രി വിട്ടത്. വലിയ പരിക്കായിരുന്നുവെന്നും ഡോക്ടര്‍മാരുടെ മികച്ച പരിചരണം തനിക്ക് ലഭിച്ചെന്നും ശ്രുതി പ്രതികരിച്ചു. മുണ്ടേരിയിലെ വീട്ടിലേക്കാണ് ശ്രുതി മാറുന്നത്.
ശ്രുതിയുടെ ആശുപത്രി ചെലവ് തെലങ്കാനയിലെ എം പി മല്ലു രവി ഏറ്റെടുക്കും. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ശ്രുതിയുടെ കൂടെ ഉണ്ടാവുമെന്ന ഉറപ്പ് ടി സിദ്ധിഖ് എംഎല്‍എ നല്‍കി. മനകരുത്തിന്റെ ബലത്തില്‍ ശ്രുതി അതീജിവിച്ചെന്നും സിദ്ധിഖ് പറഞ്ഞു.
കല്‍പ്പറ്റയില്‍ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ആയിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ചികിത്സയിലായിരുന്ന ജെന്‍സന്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു.