Thursday, 10 October - 2024

ബിഹാര്‍ സ്വദേശിയായ യുവാവിനെ ‘പൊക്കി’ ഗൂഗിള്‍; വെറുതെയല്ല രണ്ട് കോടി ശമ്പളത്തിന്

കഠിനാധ്വാനമാണ് അഭിഷേകിന് ഗൂഗിളിലേക്കുള്ള ‘സൈന്‍ ഇന്‍’ എളുപ്പമാക്കിയത്

പട്‌ന: സ്വപ്‌നതുല്യമായ ജോലി എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മളില്‍ പലര്‍ക്കും അത് സ്വപ്‌നമായി തന്നെ തുടരുമ്പോള്‍ ആ സ്വപ്‌നം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍. ഇന്ന് ജീവിക്കുന്ന ഓരോ മനുഷ്യരുടേയും ജീവിതത്തിന്റെ ഭാഗം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഗൂഗിളിലാണ് അഭിഷേകിന് ജോലി ലഭിച്ചിരിക്കുന്നത്. ശമ്പളമാകട്ടെ, വര്‍ഷം രണ്ട് കോടി രൂപയും. ഒക്ടോബര്‍ മുതല്‍ അഭിഷേക് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ ജോലി തുടങ്ങും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബിഹാറിലെ ജമുയി ജില്ലയിലെ ജമു ഖരിയ സ്വദേശിയാണ് അഭിഷേക്. ജമുയി സിവില്‍ കോടതിയിലെ അഭിഭാഷകനാണ് അഭിഷേകിന്റെ പിതാവ് ഇന്ദ്രദേവ് യാദവ്. അമ്മ മഞ്ജു ദേവി വീട്ടമ്മയും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയ കുടുംബമാണ് അഭിഷേകിന്റേത്.

പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി) നിന്നാണ് അഭിഷേക് കുമാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയത്. പഠനത്തിന് ശേഷം 2022-ല്‍ വര്‍ഷം1.08 കോടി രൂപ ശമ്പളത്തില്‍ ആമസോണില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. 2023 മാര്‍ച്ച് വരെ അഭിഷേക് അവിടെ തുടര്‍ന്നു. അതിന് ശേഷം ജര്‍മന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിങ് യൂണിറ്റിലായിരുന്നു ജോലി. ഇതിനെല്ലാമൊടുവിലാണ് ടെക്കികളുടെ സ്വപ്‌നലക്ഷ്യമായ ഗൂഗിളിലേക്ക് അഭിഷേക് ചുവടുവെക്കുന്നത്.

ഈ നേട്ടത്തിലേക്കെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അഭിഷേക് പറയുന്നു. തന്റെ ജോലിയും ഗൂഗിളിലെ ഇന്റര്‍വ്യൂവിന് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളും അഭിഷേക് ഒന്നിച്ചുകൊണ്ടുപോയത് ഏറെ പണിപ്പെട്ടാണ്. ദിവസം എട്ടോ ഒമ്പതോ മണിക്കൂര്‍ ജോലി ചെയ്ത ശേഷം ബാക്കി സമയം കോഡിങ്ങിലെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഇന്റര്‍വ്യൂവിന് തയ്യാറെടുക്കാനും വിനിയോഗിച്ചുവെന്ന് അഭിഷേക് പറഞ്ഞു.

‘ഞാന്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അതിനൊപ്പം ഇന്റര്‍വ്യൂവിനായി പരിശീലിക്കുക വലിയ വെല്ലുവിളിയായിരുന്നു. എട്ട് മണിക്കൂര്‍ കമ്പനിയിലെ ജോലി ചെയ്തശേഷം ബാക്കി സമയമാണ് ഞാന്‍ ഇന്റര്‍വ്യൂവിനും കോഡിങ്ങിനുമായി ചെലവഴിച്ചത്.’ -അഭിഷേക് മനസ് തുറന്നു.

കഠിനാധ്വാനമാണ് അഭിഷേകിന് ഗൂഗിളിലേക്കുള്ള ‘സൈന്‍ ഇന്‍’ എളുപ്പമാക്കിയത്. ചെറിയൊരു പട്ടണത്തിലാണ് താന്‍ ജീവിക്കുന്നതെങ്കിലും തന്റെ വേരുകള്‍ ഗ്രാമത്തിലാണെന്ന് അഭിഷേക് പറയുന്നു. അവിടെ ചെളികൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി കിട്ടിയ ശേഷമാണ് പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്നും അഭിഷേക് അഭിമാനത്തോടെ പറയുന്നു.

സ്വപ്‌നങ്ങളിലേക്കുള്ള യാത്ര തുടരുന്നവരോട് ‘എല്ലാം സാധ്യമാണ്’ എന്നാണ് അഭിഷേകിന് പറയാനുള്ളത്. ഗ്രാമത്തിലോ വന്‍ നഗരത്തിലോ, എവിടെ ജനിച്ചുവളര്‍ന്ന കുട്ടിയാണെങ്കിലും സമര്‍പ്പണ മനോഭാവത്തോടെ കഠിനാധ്വാനം ചെയ്താല്‍ അവര്‍ക്ക് വലിയ അവസരങ്ങള്‍ പിടിച്ചെടുക്കാമെന്നും അഭിഷേക് പറയുന്നു. മാതാപിതാക്കളും സഹോദരനുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: