തിരുവനന്തപുരം: മദ്‌റസാ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസിലെ അധ്യാപകനില്‍ നിന്ന് വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെ ഉമൈര്‍ ഫൈസി എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഇന്നലെ ഉച്ചയോട് കൂടിയാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും ക്യതൃമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തി. കേസില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 25-ാം തീയതിയിലെ സിറ്റിങില്‍ അടിയന്തരമായി കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തില്‍ ദറസില്‍ എത്തിയ വിദ്യാര്‍ത്ഥി നീണ്ട നാലുമാസത്തെ പീഡനത്തിനാണ് ഇരയായത്. ഉസ്താദ് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് അജ്മല്‍ ഖാന്‍ പറയുന്നത്.
ശരീരത്തിന് പുറം ഭാഗത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദനം, ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറം ഭാഗത്തുംവെച്ച് പൊള്ളിച്ചു, ഗുഹ്യഭാഗങ്ങളില്‍ അടക്കം മുളക് പൊടി പുരട്ടി വേദനിപ്പിക്കുന്നതടക്കമുള്ള സമീപനമായിരുന്നു ഉസ്ദാതിന്റേത് എന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. മുറിക്കുള്ളില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദ്ദിച്ചിരുന്നത്. ലംഭവത്തിന് പിന്നാലെ ദറസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അജ്മല്‍ ഖാന്‍ അടുത്തുള്ള മുജാഹിദ് പള്ളിയില്‍ അഭയം തേടുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയിലാണ്.