ദുബായ്: ദുബായിലെ നിവാസികളുടെ സമഗ്ര വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ ഏകീകൃത ജനസംഖ്യാ റജിസ്റ്റർ രൂപീകരിക്കുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ, തന്ത്രങ്ങൾ, നയങ്ങൾ എന്നിവ ആവിഷ്ക്കരിച്ച് നടപ്പാക്കും. ദുബായ് ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കോർപറേഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലായിരിക്കും യൂണിഫൈഡ് റജിസ്ട്രി ഓഫ് ദി പോപ്പുലേഷൻ ഓഫ് ദുബായ് എന്ന് പേരിട്ട റജിസ്ട്രേഷൻ സൗകര്യം ഒരുക്കുക.




