ഗാസ വെടിനിര്‍ത്തല്‍; ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു

0
425

തെല്‍ അവിവ്: ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു. പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്​തീനികൾ മാത്രമായിരിക്കുമെന്നും​ ഹമാസ്​ അറിയിച്ചു.

ഖത്തർ തലസ്ഥാനമായ ദോഹയിലാണ്​ ഹമാസുമായി മധ്യസ്​ഥ രാജ്യങ്ങളുടെ നേതാക്കൾ ദീർഘനേരം ചർച്ച നടത്തിയത്​. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത്​ ഇന്‍റലിജൻസ്​ മേധാവി അബ്ബാസ്​ കെമൽ എന്നിവരാണ്​ ഹമാസ്​ നേതാവ്​ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തിയത്​.

നെതന്യാഹുവിന്‍റെ കടുംപിടിത്തം കാരണം വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ നിർദേശ പ്രകാരമാണ്​ അനൗപചാരിക ചർച്ചയെന്നാണ്​ സൂചന. എന്നാൽ ചർച്ചയുടെ ഉള്ളടക്കം പുറത്തുവിടാൻ ഇരുവിഭാഗവും തയാറായില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം സ്വാഗതം ചെയ്ത ഹമാസ്​ ബൈഡന്‍റെയും യു.എൻ രക്ഷാസമിതിയുടെയും നിർദേശം മുൻനിർത്തിയുള്ള വെടിനിർത്തൽ കരാറിന്​ സന്നദ്ധമാണെന്ന്​ വ്യക്​തമാക്കി. ആക്രമണം നിർത്തി സൈന്യം ഗസ്സ വിടണമെന്ന നിലപാടും ഹമാസ്​ ആവർത്തിച്ചു.