തെല്‍ അവിവ്: ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു. പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്തീനികൾ മാത്രമായിരിക്കുമെന്നും ഹമാസ് അറിയിച്ചു.
ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഹമാസുമായി മധ്യസ്ഥ രാജ്യങ്ങളുടെ നേതാക്കൾ ദീർഘനേരം ചർച്ച നടത്തിയത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത് ഇന്‍റലിജൻസ് മേധാവി അബ്ബാസ് കെമൽ എന്നിവരാണ് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തിയത്.
നെതന്യാഹുവിന്‍റെ കടുംപിടിത്തം കാരണം വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശ പ്രകാരമാണ് അനൗപചാരിക ചർച്ചയെന്നാണ് സൂചന. എന്നാൽ ചർച്ചയുടെ ഉള്ളടക്കം പുറത്തുവിടാൻ ഇരുവിഭാഗവും തയാറായില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം സ്വാഗതം ചെയ്ത ഹമാസ് ബൈഡന്‍റെയും യു.എൻ രക്ഷാസമിതിയുടെയും നിർദേശം മുൻനിർത്തിയുള്ള വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് വ്യക്തമാക്കി. ആക്രമണം നിർത്തി സൈന്യം ഗസ്സ വിടണമെന്ന നിലപാടും ഹമാസ് ആവർത്തിച്ചു.




