കോഴിക്കോട്: നിയമസഭയിലെ കയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര മറിച്ചിട്ടതിൽ കുറ്റസമ്മതം നടത്തി കെ.ടി ജലീൽ എം.എൽ.എ. അധ്യാപക ദിനത്തിന്റെ ഭാഗമായുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാർ കോഴ വിവാദത്തിൽ ആരോപണവിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.
ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷവും കെ.എം മാണിക്ക് സംരക്ഷണമൊരുക്കാൻ ഭരണപക്ഷവും രംഗത്ത് വന്നതോടെ നിയമസഭ യുദ്ധക്കളമായി. ഇതിനിടെ സ്പീക്കറുടെ ഡയസിലെത്തിയ പ്രതിപക്ഷാംഗങ്ങൾ മൈക്ക് അടക്കമുള്ളവ നശിപ്പിക്കുകയും കസേര താഴേക്ക് വലിച്ചിടുകയും ചെയ്തു. കെ.ടി ജലീലും ഇ.പി ജയരാജനും ചേർന്നാണ് കസേര വലിച്ചിട്ടത്.
ജലീലിന്റെ കുറ്റസമ്മതത്തെ സ്വാഗതം ചെയ്ത കെപിസിസി വർക്കിങ് പ്രസിഡന്റ് വി.ടി ബൽറാം മറ്റുള്ളവ ഇടത് എംഎൽഎമാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ” സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെ! ഏതായാലും ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്”-വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.