മലപ്പുറം: മലപ്പുറം മുൻ എസ്പി എസ് സുജിത് ദാസിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി. എഎസ്ഐയുടെ ആത്മഹത്യയിൽ എസ്പിക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.
എടവണ്ണ സ്വദേശിയായ എഎസ്ഐ ശ്രീകുമാർ 2021 ജൂൺ 10-നാണ് ആത്മഹത്യ ചെയ്തത്. എസ്പിയുടെ അടുക്കൽ നിന്നും ശ്രീകുമാർ നേരിട്ടത് കടുത്ത മാനസിക പീഡനമാമെന്നാണ് ശ്രീകുമാറിന്റെ സുഹൃത്ത് നാസർ വെളിപ്പെടുത്തുന്നത്.
പ്രതികളെ മദ്ദിക്കാൻ എസ്പിയടക്കമുള്ളവർ ശ്രീകുമാറിനെ നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെ പലതവണ ട്രാൻസ്ഫർ ചെയ്തു. അവധി പോലും നൽകാതെ ബുദ്ധിമുട്ടിച്ചു. മുൻ എസ്പി സുജിത് ദാസിന്റെ നിർദേശപ്രകാരമാണ് പ്രതികളെ മർദ്ദിച്ചിരുന്നത്. ശ്രീകുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് നശിപ്പിച്ചു. അവ പൊലീസ് കൊണ്ട് പോയി.
ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കും എന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും എസ്പിയിൽ നിന്നും നേരിട്ട പീഡനമാണ് ശ്രീകുമാറിന്‍റെ ആത്മഹത്യക്ക് കാരണമെന്നും നാസർ റിപ്പോർട്ടറിനോട് പറഞ്ഞു.
ശ്രീകുമാറിനെ ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടി. അതുകൊണ്ടാണ് ആത്മഹത്യ ചെയ്തത്. ആ കാര്യങ്ങൾ ഒക്കെ തന്നോട് പറഞ്ഞിരുന്നു. പൊലീസ് എത്തുന്നതിന് മുൻപ് താൻ മരിച്ച വീട്ടിൽ എത്തിയിരുന്നു. മരിക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് ശ്രീകുമാർ നാസറിനോട് സംസാരിച്ചിരുന്നു. ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്. അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ് കേസുമായി പോകാത്തത്. അന്വേഷണം വന്നാൽ മൊഴി നൽകും. എസ്പി മാറാതെ രക്ഷയില്ലന്നാണ് ശ്രീകുമാർ പറയുന്നത്. മിക്കവാറും പൊലീസുകാരെല്ലാം എസ്പി കാരണം പോകുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നതായും നാസർ പറഞ്ഞു.