തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ മുൻ എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ഇന്ന് തുടങ്ങിയേക്കും.
എല്ലാ ആരോപണങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം. വിഷയത്തിൽ പി വി അൻവറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയേക്കും. സുജിത്ത് ദാസിനെതിരെയുള്ള പരാതി നില നിൽക്കുന്നതിനാൽ ഇതിൽ വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സുജിത്ത് ദാസിൻ്റെ സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക.
പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിയ്ക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. നാളെയായിരിക്കും കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുക.
മാഫിയ സംരക്ഷനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സിബിഐയ്ക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച്. കെപിസിസിയുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് തീരുമാനം.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെയും സിപിഐ സംസ്ഥാ കൗൺസിൽ ഇന്നും ചേരും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആരോപണങ്ങൾ സംബന്ധിച്ച ചർച്ച നടക്കാനിരിക്കെ പ്രതിരോധ നീക്കങ്ങൾ നടത്തുകയാണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി ശശി ഉയർത്തുന്ന പ്രതിരോധം. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ പി ശശിക്കെതിരായ വിമർശനങ്ങളും ശക്തമാകുന്നുണ്ട്. പി ശശി സ്വേച്ഛാധിപതിയാണെന്നും അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും തുടങ്ങിയ വിമർശനങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നത്. വിഷയം ഗൗരവപൂർവം ചർച്ച ചെയ്യുമെന്നിരിക്കെ പാർട്ടി പിന്തുണ ഉറപ്പാക്കുകയാണ് പി ശശിയുടെ ലക്ഷ്യം.