Tuesday, 10 September - 2024

മണ്ണെണ്ണ കാനുമായി എത്തി, ‘പ്രതികാരം ചെയ്യാൻ പോകുന്നു’: വൈഷ്ണയ്ക്കൊപ്പം കത്തികരിഞ്ഞത് ഭർത്താവ് ബിനു

ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റ് പോര്‍ട്ടല്‍ ഓഫിസില്‍ ദുരൂഹ സാഹചര്യത്തിലെ തീപിടുത്തത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പാപ്പനംകോട് ജംക്‌ഷന് സമീപം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റ് പോര്‍ട്ടല്‍ ഓഫിസില്‍ ദുരൂഹ സാഹചര്യത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഓഫിസ് ജീവനക്കാരി വൈഷ്ണയ്‌ക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് ബിനു തന്നെയെന്ന നിഗമനത്തിലേക്കു പൊലീസ്. ഇതു സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തോള്‍സഞ്ചിയുമായി ഓട്ടോറിക്ഷയില്‍ ഓഫിസിനു സമീപം ബിനു വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഒരു സുഹൃത്തിനെ വിളിച്ചു പ്രതികാരം തീര്‍ക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ബിനു സംസാരിച്ചിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. തോള്‍സഞ്ചിയില്‍ മണ്ണെണ്ണ കാനുമായാണ് ഇയാള്‍ വന്നതെന്നാണു കരുതുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. ഇയാളുടെ ചില ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ‌

ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫിസിലെ ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തില്‍ വാടകയ്ക്കു താമസിക്കുന്ന വി.എസ്.വൈഷ്ണയും (34) ഒരു പുരുഷനുമാണു മരിച്ചത്. വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനു കുമാര്‍ ആണ് മരിച്ചതെന്ന നിഗമനത്തിലേക്കാണു പൊലീസ് എത്തുന്നത്. ഇയാളുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്.

സംഭവത്തിനു ശേഷം ഇയാള്‍ വീട്ടില്‍ എത്തിയിട്ടുമില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലെ ഓഫിസില്‍ പൊട്ടിത്തെറിയോടൊപ്പം പുകയും തീയും വ്യാപിച്ചത്. സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. കനത്ത പുക കാരണം ആര്‍ക്കും അടുക്കാനായില്ല. അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തിയ ശേഷമാണ് പൊലീസ് അകത്തു കയറി പരിശോധിച്ചത്. രണ്ടു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇതിലൊന്ന് വൈഷ്ണയാണെന്നു തിരിച്ചറിഞ്ഞു.

ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാലു വര്‍ഷം മുന്‍പാണ് പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനു കുമാര്‍ താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നതു പതിവായതോടെ ഇയാളുമായും അകന്നുകഴിയുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഓഫിസിലെത്തി വഴക്കിടുന്നതു സംബന്ധിച്ച് ആറു മാസം മുന്‍പ് വൈഷ്ണ നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തീപിടിത്തത്തിനു കാരണം ഷോര്‍ട് സര്‍ക്യൂട്ടോ എസി പൊട്ടിത്തെറിച്ചതോ ആകാമെന്ന് ആദ്യം സംശയിച്ചെങ്കിലും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വയറിങ്ങിനു തകരാറല്ലെന്നു വ്യക്തമായി. നേമം പൊലീസ് കേസെടുത്തു. ആറാം ക്ലാസില്‍ പഠിക്കുന്ന മകനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളുമാണ് വൈഷ്ണയ്ക്കുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: