കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കുളള ശിക്ഷാനടപടികൾ കടുപ്പിച്ചിരിക്കുകയാണ് ബംഗാൾ സർക്കാർ.
വിവിധ വകുപ്പുകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ‘അപരാജിത’ ബിൽ കഴിഞ്ഞ ദിവസം ബംഗാൾ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരുന്നു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയാണ് പ്രതികൾക്ക് ഈ ബിൽ ഉറപ്പുവരുത്തുന്നത്. എന്താണ് ബില്ലിലുള്ളതെന്ന് വിശദമായി നോക്കാം.
ഭാരതീയ ന്യായ സംഹിതയിൽ നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടാണ് ഈ ബിൽ അവതരിപ്പിക്കപ്പെട്ടത്. ബിഎൻഎസിലെ 64-ാം വകുപ്പ്, ലൈംഗികാതിക്രമക്കേസിലെ പ്രതിയ്ക്ക് 10 വർഷത്തെ തടവുശിക്ഷയോ ജീവപര്യന്തമോ ആണ് പരമാവധി ശിക്ഷയായി പറയുന്നത്. എന്നാൽ ‘അപരാജിത’ ബില്ലിൽ അവയ്ക്ക് പകരമായി, വധശിക്ഷയും പിഴയും തന്നെ ശുപാർശ ചെയ്യുന്നു. കൂടാതെ, ഈ പിഴത്തുക അതിജീവിതയുടെ ചികിത്സയ്ക്കും പുനരുജ്ജീവനത്തിനുമായി ചിലവിടണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ബിഎൻഎസിലെ 66-ാം വകുപ്പും ഇത്തരത്തിൽ ബംഗാൾ സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. കേന്ദ്രനിയമത്തിൽ 20 വർഷം കഠിനതടവാണ് ശിക്ഷയെങ്കിൽ ഇവിടെയും വധശിക്ഷയിൽ കുറഞ്ഞതൊന്നും പാടില്ലെന്നാണ് ബംഗാൾ സർക്കാർ പാസ്സാക്കിയ ബില്ലിൽ ഉള്ളത്. കൂട്ടബലാത്സംഗത്തിനുള്ള ശിക്ഷകളെക്കുറിച്ച് പറയുന്ന 70-ാം വകുപ്പിലെ 20 വർഷ കഠിന തടവെന്ന ശിക്ഷ എടുത്തുമാറ്റി വധശിക്ഷ തന്നെയാണ് ബംഗാൾ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.