തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തില്‍ നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. ജീവനക്കാരി വെെഷ്ണയുടെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമത്തിലാണ് പൊലീസ്. സംഭവസ്ഥലത്ത് പെട്രോളിന്റെയും മണ്ണെണ്ണയുടെയും സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
പെട്രോള്‍ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് കത്തിയും കണ്ടെത്തിയിരുന്നു. തീപിടിത്തത്തില്‍ മരിച്ച വൈഷ്ണയുടെ ഭര്‍ത്താവ് ബിനുകുമാര്‍ തന്നെയാകാം കൃത്യം നടത്തിയതെന്ന് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നതായും പൊലീസ് അറിയിച്ചു.
പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേരായിരുന്നു പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന സംശയത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരുന്നു.
മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ്. ഡിഎന്‍എ പരിശോധനാ ഫലം വന്നാലേ മരിച്ച പുരുഷന്‍ ആരെന്ന് സ്ഥിരീകരിക്കാനാകൂ. ബിനുകുമാറാണോ മരിച്ച രണ്ടാമത്തെയാളെന്നും സംശയമുണ്ട്.
മരിച്ച പെണ്‍കുട്ടിക്ക് ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചിരുന്നു. മരിച്ച രണ്ടാമത്തെയാള്‍ പുറത്തുനിന്നും ഓഫീസിലെത്തിയതാണ്. തീപിടിത്തത്തിന് മുമ്പ് ഓഫീസില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാള്‍ പ്രതികരിച്ചിരുന്നു.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലാണ്. മുറിക്കുള്ളില്‍ പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നതെന്നാണ് വിവരം. തീപടരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അര മണിക്കൂര്‍ കൊണ്ട് തീ കെടുത്തിയ ശേഷമാണ് രണ്ട് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.





