39 വയസ്സുകാരനായ ഉടമയും ഇദ്ദേഹത്തിന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ ജീവനക്കാരിയും മുങ്ങിയതായും മനസിലായി. ഇയാൾ തൃശൂർ ജില്ലക്കാരനാണ്
ദുബൈ: കുറഞ്ഞ ചെലവിൽ ഫ്രീലാൻസ് (പാർട്ണർ) വീസ എന്ന ആകർഷകമായ പരസ്യത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു നടക്കുന്ന തട്ടിപ്പിൽ വൻതുക നഷ്ടമായ സംഭവം വീണ്ടും. മലയാളി വനിതയടക്കം ഒട്ടേറെ പേരിൽ നിന്ന് പണം അടിച്ചുമാറ്റി ദുബൈ ഖിസൈസ് പഴയ അൽ ഹിലാൽ ബാങ്ക് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ഥിതി ചെയ്തിരുന്ന വീസ സർവീസ് സ്ഥാപനയുടമയായ മലയാളി മുങ്ങി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസയ്ക്ക് പണം നൽകിയവർ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയപ്പോഴാണ് അടച്ചുപൂട്ടിയ നിലയിൽ കണ്ടത്. അന്വേഷണത്തിൽ 39 വയസ്സുകാരനായ ഉടമയും ഇദ്ദേഹത്തിന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ ജീവനക്കാരിയും മുങ്ങിയതായും മനസിലായി. ഇയാൾ തൃശൂർ ജില്ലക്കാരനാണ്. ദുബൈയിലെ ചില മലയാളി വ്ലോഗർ ഈ സ്ഥാപനത്തെക്കുറിച്ച് ചെയ്ത വിഡിയോ പരസ്യം കണ്ടാണ് പണം നൽകിയതെന്ന് ഇവർ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഈ സ്ഥാപനത്തിന്റെ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഉടമ മുങ്ങിയതിനാൽ താനും പ്രശ്നത്തിലകപ്പെട്ടെന്നും കേസ് കൊടുക്കാനുമാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തിൽ പലരിൽ നിന്നും പണം വാങ്ങി വീസ നൽകാതെ ഉടമ മുങ്ങുകയും ഒട്ടേറെ പേർ വഴിയാധാരമാകുകയും ചെയ്ത സംഭവം നേരത്തെ പുറത്തു വന്നിരുന്നു. പ്രശ്നം ദുബൈ എമിഗ്രേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ സംഭവത്തിലും മലയാളികളെക്കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക സ്വദേശികളും വഞ്ചിതരായി. ഇവരെല്ലാം എംപ്ലോയ്മെന്റ്, സന്ദർശക വീസ കാലാവധി കഴിഞ്ഞവരാണ്. 2500 ദിർഹം മുതൽ 6,000 ദിർഹം വരെ നൽകിയതിനാൽ അത് തിരിച്ചുകിട്ടിയാൽ മാത്രമേ ഇവർക്ക് മറ്റു വഴികൾ ആലോചിക്കാനാകുകയുള്ളൂ. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസീക സമ്മർദത്തിലുമാണ്. വീസ കിട്ടിയില്ലെങ്കിലും പലരിൽ നിന്ന് കടം വാങ്ങിയും മറ്റും നൽകിയ പണമെങ്കിലും തിരിച്ചുകിട്ടണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ പറ്റുന്ന ‘ഫ്രീലാൻസ് വീസ’ അഥവാ പാര്‍ട്ണർ വീസയാണ് ഇത്തരത്തിൽ ഓഫർ നൽകി വിൽക്കുന്നത്. ഇത് പലപ്പോഴും തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നതാണ്. യഥാർഥത്തിൽ ‘ഫ്രീ ലാൻസ് വീസ ‘എന്ന പേരിൽ ഒരു വീസയും യുഎഇയോ മറ്റു ഗൾഫ് രാജ്യങ്ങളോ അനുവദിക്കുന്നില്ല. യുഎഇ ഇഷ്യു ചെയ്യുന്ന ഏതു വീസയുടെ ഫീസ് നിരക്കും സുതാര്യമാണെന്നിരിക്കെ അതിലും കുറഞ്ഞ നിരക്കിൽ നൽകുന്ന ഏതു ഓഫറുകളുടെയും പിന്നിൽ വഞ്ചന ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിക്കണമെന്ന് ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക