തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ പ്രതിയായ മുകേഷ് എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എകെജി സെൻ്ററിന് മുന്നിൽ ഇന്ന് പ്രതിഷേധം. കെ.അജിത അടക്കമുള്ള സ്ത്രീപക്ഷ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാവിലെ 10 മുതലാണ് പ്രതിഷേധം’ സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവർത്തകർ പറയുന്നു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.
അതേസമയം നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വനിതാ മജിസ്ട്രേറ്റ് രവിത കെ.ജിക്ക് മുൻപിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ജയസൂര്യക്കെതിരെ രജിസ്റ്റർ ചെയ്ത ആദ്യത്തെ പീഡനക്കേസിലാണിത്. എറണാകുളം സ്വദേശിനിയോട് മൊഴി നൽകാനായി ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ തെളിവെടുപ്പിന് പൊലീസ് സർക്കാരിനോട് അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സെക്രട്ടറിയേറ്റ് ഷൂട്ടിംഗ് സെറ്റായി വിട്ടുനൽകിയതിന്‍റെ വിവരങ്ങൾ നൽകാൻ പൊതു ഭരണ വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.