കൊല്ലം കടയ്ക്കലിൽ 22കാരിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അനന്യ പ്രിയയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
കടയ്ക്കലിലെ വീട്ടിൽ അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് ഉണ്ടായിരുന്നത്. വൈകിട്ട് 6 മണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ പോയ പെൺകുട്ടി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അന്വേഷിച്ചെത്തിയ ബിന്ദു കതകിൽ മുട്ടിയിട്ടും തുറന്നില്ല. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഉൾപ്പെടെ എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പെൺകുട്ടിയുടെ കഴുത്തിൽ പാടുകൾകണ്ടെത്തിയതിനെ തുടർന്ന്ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. തൂങ്ങിമരണമെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാൽ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല.
പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.