Tuesday, 10 September - 2024

എക്സ്പ്പാട്രിയേറ്റ് മീഡിയ ഫോറം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

റിയാദ്: ജിദ്ദ എക്സ്പാട്രിയേറ്റ് മീഡിയ ഫോറം കുടുംബാംഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം വർദ്ധിപ്പിക്കുതിനും പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പ്രസ്സ് ഫോറം ഹാളിൽ വെച്ച് നടന്ന പരിപാടി കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിദ സഹീർ ഉത്ഘാടനം ചെയ്തു.

കഴിഞ്ഞ അധ്യായന വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇ. എ ഹംന, സഫ്‌വ വട്ടപ്പറമ്പൻ, നിബ ബഷീർ, കെ. ടി ലുബാബ, ഇ. എം ഹംദാൻ എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ജീവിത വിജയം നേടണമെന്ന് അനുമോദന ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചവർ പറഞ്ഞു.

മാധ്യമ പ്രവർത്തകരായ ശരീഫ് സാഗർ, കബീർ കൊണ്ടോട്ടി, മുസ്തഫ പെരുവള്ളൂർ, ജിഹാദുദ്ധീൻ, പി. ഷംസുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സി. കെ മൊറയൂർ അധ്യക്ഷനായിരുന്നു. ബഷീർ തൊട്ടിയൻ സ്വാഗതവും ഇ. എം ഹനീഫ നന്ദിയും പറഞ്ഞു. ഇശൽ ബഷീർ ഗാനം ആലപിച്ചു

വിദേശ രാജ്യങ്ങളിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി പത്ര, ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചവരുടെയും നിലവിൽ പ്രവർത്തിക്കുന്നവരുടെയും സൗഹൃദ വേദിയാണ് എക്സ്പാട്രിയേറ്റ് മീഡിയ ഫോറം. ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Most Popular

error: