കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്.
സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.
നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് രാജിവെക്കുന്നതെന്ന് ആഷിഖ് അബു രാജിക്കത്തില്‍ അറിയിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരില്‍ പുറത്തിറങ്ങുന്ന കുറച്ചു വാചക കസര്‍ത്തുകള്‍, ‘പഠിച്ചിട്ടു പറയാം’, ‘വൈകാരിക പ്രതികരണങ്ങള്‍ അല്ല വേണ്ടത് എന്ന നിര്‍ദേശം’ എന്നിവയൊക്കെ ഒരംഗം എന്ന നിലയില്‍ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു,’ എന്ന് പറഞ്ഞാണ് ആഷിഖ് അബു രാജിവെച്ചത്.
ഫെഫ്കയെന്നാല്‍ ബി ഉണ്ണികൃഷ്ണനല്ലെന്നും വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിഖ വിമര്‍ശിച്ചിരുന്നു. ഉണ്ണികൃഷ്ണേെന്റത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിഖ് പറഞ്ഞിരുന്നു. പിന്നാലെ ആഷിഖിനെതിരെ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗം ബെന്നി ആശംസ രംഗത്തെത്തിയിരുന്നു. ആഷിഖ് ഫെഫ്കയില്‍ വിഭാഗീയതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നും കഴിഞ്ഞ പല സിനിമകളിലായി 40 ലക്ഷത്തോളം രൂപയാണ് അദ്ദേഹം ഫെഫ്ക അംഗങ്ങള്‍ക്ക് നല്‍കാനുള്ളതെന്നുമായിരുന്നു ബെന്നി പറഞ്ഞത്.