തിരുവനന്തപുരം: താര സംഘടനയായ എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയില്‍ പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. ‘അമ്മ’ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണിന്ന്. സംഘടന നശിച്ചു കാണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാം. താന്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യില്‍ നിന്നും കാശ് എടുത്താണ് ഈ സംഘടന പടുത്തുയര്‍ത്തിയതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
നാല് വര്‍ഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ 150 ഓളം വരുന്ന ആളുകള്‍ മാസം 5,000 രൂപ പെന്‍ഷന്‍ വെച്ച് വാങ്ങുന്നുണ്ട്. എഎംഎംഎയിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. ഇനി ഇതൊക്കെ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. മോഹന്‍ലാലും മമ്മൂട്ടിയും മാറി നിന്നാല്‍ നയിക്കാന്‍ ആര്‍ക്കും കഴിയില്ല. സംഘടന തകരുന്നത് കാണുന്നവര്‍ക്ക് രസമാണ്. ഏറെ ഹൃദയ വേദന തോന്നിയ നിമിഷം ആണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ സിനിമാ രംഗത്തുള്ളവര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളിലൊന്നും പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ തയ്യാറായിരുന്നില്ല. തന്നില്‍ ഔഷധ ഗുണമില്ലെന്നും തന്നെ വിട്ടേക്കൂവെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. 23 വര്‍ഷം മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
‘എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യങ്ങളില്ല. ഞാന്‍ ഇതില്‍ നല്ലതോ ചീത്തയോ ആയ അഭിപ്രായം പറയില്ല. ഉപദ്രവിക്കുന്നതിന് പരിധിയുണ്ട്. ചോദ്യങ്ങള്‍ വേണ്ട. 23 വര്‍ഷം എന്നെ ഉപദ്രവിച്ചു. ഞാന്‍ ഒരു കാര്യത്തിനും വരുന്നില്ലല്ലോ. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുകയാണ്. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകും. ആരെയും സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരില്ല. ഇതില്‍ തന്നോട് അഭിപ്രായം ചോദിക്കരുത്’, എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.