കൊച്ചി: താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ 17 അംഗ ഭരണ സമിതി രാജിവെച്ചിരുന്നു. പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മോഹൻലാലും രാജിവെക്കുകയുണ്ടായി. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്നാണ് പിന്നാലെ അമ്മ നൽകിയ വിശദീകരണം.
ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കെ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനവും ആക്ടിങ് ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ബാബുരാജിന്റെ നിലപാടുമാണ് അമ്മ ഭരണസമിതിയുടെ കൂട്ടരാജിക്ക് വഴിവെച്ചത്. കാര്യമായ അഴിച്ചുപണിയുണ്ടായില്ലെങ്കിൽ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുമെന്ന് വനിതാ അംഗങ്ങളടക്കം മുന്നറിയിപ്പ് നൽകിയതോടെ ഗത്യന്തരമില്ലാതെയായിരുന്നു ഭരണസമിതിയുടെ രാജി.
അതേസമയം പുതിയ ഭരണസമിതിയിൽ ടൊവിനൊ തോമസും പൃഥ്വിരാജും വേണമെന്ന് ആവശ്യം യോഗത്തിലുയർന്നു. യുവ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്. യോഗത്തിൽ ഭരണസമിതിക്കെതിരെ ടൊവിനൊ നിലപാട് സ്വീകരിച്ചിരുന്നു.
ഹേമകമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ വിഷയത്തിൽ നടൻമാരായ ടൊവിനോ തോമസും പൃഥ്വിരാജും പ്രതികരിച്ചിരുന്നു. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകളുൾപ്പെടെയുള്ള ആളുകൾ സുരക്ഷിതരായിരിക്കണമെന്നും കുറ്റാരോപിതരായ ആളുകൾ മാറിനിൽക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിലേക്ക് നയിക്കുമെന്നുമാണ് ടൊവിനോ വ്യക്തമാക്കിയിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായി ശിക്ഷിക്കണം. വിഷയത്തിൽ ‘അമ്മ’ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചെന്നതിൽ സംശയമില്ല. കുറ്റാരോപിതർ സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണം. പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ലെന്നും അതിന്റെ ഉദാഹരണമാണു താനെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.