മോഹന്‍ലാല്‍ ഇന്നലെ രാത്രി തീരുമാനിച്ചു, മമ്മൂട്ടിയുമായി ആലോചിച്ചു; കൂട്ടത്തോടെ രാജി

0
2097

കൊച്ചി: എഎംഎംഎ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത് തിങ്കളാഴ്ച രാത്രി. ചുമതലയില്‍ തുടരാനാവില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു. മോഹന്‍ലാല്‍ ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് എക്‌സിക്യൂട്ടിവിനോട് ആലോചിക്കാന്‍ തീരുമാനിച്ചത്.

രാജിയെ ആദ്യം എഎംഎംഎയിലെ ഒരു വിഭാഗം എതിര്‍ത്തു. തിരുത്തലിനു വേണ്ടത് രാജിയല്ലെന്ന അഭിപ്രായം ഉയര്‍ന്നു. കരുത്തുറ്റ നിലപാടും നടപടിയുമാണ് മുഖം രക്ഷിക്കാന്‍ അനിവാര്യമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹ താല്പര്യങ്ങളെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആരോപണങ്ങള്‍ തുടരുമെന്നും മോഹന്‍ലാല്‍ നിലപാടെടുത്തു.

ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി.

ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.

ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗം ഉന്നയിച്ചിരുന്ന ചോദ്യം. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.

എന്നാല്‍ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇത് മാതൃകാപരമായ നിലപാടാണെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയത് മാന്യമായ സമീപനം, ആരോപണമുന്നയിച്ച നടിക്കെതിരെ നിയമനടപടി സ്വീകരിച്ചതും മാതൃകാപരമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.