തായിഫ്: സഊദിയിൽ മരിച്ച ജോയലിന്റെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കായി സഹോദരൻ നാട്ടിൽ നിന്നും സൗദിയിലേക്ക്. ഓഗസ്റ്റ് 9ന് സൗദിയിലെ അൽ ബഹ പ്രവിശ്യയിൽ തായിഫ് റോഡിൽ വാഹനാപകടത്തിലാണ് പ്രവാസി മലയാളി യുവാവ് ജോയൽ തോമസ് (28)മരിച്ചത്.
കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന നാല് പേരാണ് അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ദാരുണമായി മരണമടഞ്ഞത്. ഉത്തര്‍പ്രദേശ് സ്വദേശി മുക്കറം ഇസ്‌ലാം, ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. ജോയലിന്റെ സഹോദരൻ ജോജി ഞായറാഴ്ച വൈകിട്ടോടെ സൗദിയിൽ എത്തും.
അപകടത്തിൽ തീപിടിച്ച വാഹനത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിയ അവസ്ഥയിലാണ് ലഭിച്ചത്. വിരൽ അടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഉത്തരപ്രദേശ് സ്വദേശിയുടെയും സുഡാൻ പൗരന്റെയും സഹോദരന്മാർ ഡിഎൻഎ പരിശോധനക്കായി സാമ്പിളുകൾ കഴിഞ്ഞ ദിവസം നൽകിയിരുന്നു.
തിങ്കളാഴ്ച സാമ്പിൾ ശേഖരിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിൻ കൺവീനറുമായ പന്തളം ഷാജി അറിയിച്ചു. ജോയലിന്റെ ബന്ധു ജോഫിൻ ജോണിനും ജോഫിന്റെ സുഹൃത്ത് എബിനുമൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത് പന്തളം ഷാജിയാണ്.
മൃതദേഹങ്ങൾ നിലവിൽ അൽ ബഹ പ്രാവിശ്യയിലെ അൽ കറാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരായ നാലുപേരും പരിപാടികൾക്കു ശേഷം സാധന സാമഗ്രഹികളുമായി മടങ്ങി വരുമ്പോഴായിരുന്നു അൽ ബാഹ- തായിഫ് റോഡിൽ നിയന്ത്രണം വിട്ട് ഇവരുടെ പിക്കപ്പ് വാഹനം മറിഞ്ഞ് തീപിടിച്ചത്. ഫോട്ടോഗ്രഫറായിരുന്ന ജോയൽ സൗദി അറേബ്യയിൽ എത്തിയിട്ട് അധിക കാലമായിട്ടില്ലായിരുന്നു.