Saturday, 21 September - 2024

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനു വിലക്കേർപ്പെടുത്തി സെബി

മുംബൈ: അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനു വിലക്കേർപ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്‍ഷത്തെ വിലക്കും 25 കോടി രൂപ പിഴയും ചുമത്തിയത്.

റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്‍ക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.

സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയന്‍സ് ഹോം ഫിനാന്‍സിന് 6 മാസത്തെ വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തി. ‌റിലയന്‍സ് ഹോം ഫിനാന്‍സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ.

ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ൻ‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി.

2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Most Popular

error: