‘ഇത് ഞങ്ങളുടെ കുട്ടി’: ട്രെയിനിൽ പെൺകുട്ടിയെ വിട്ടുനൽകാതെ ഒരു സംഘം; ചോദ്യം ചെയ്യലിനൊടുവിൽ പിന്മാറ്റം
തിരുവനന്തപുരം: ആശങ്കയുടെ 37 മണിക്കൂറുകൾക്ക് ശേഷം വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടിയുടെ കുടുംബവും മലയാളികളാകെയും. മോളെയൊന്ന് കണ്ടാൽ മതി എന്ന ചിന്തയിൽ മകൾ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മകളെ കണ്ടെത്തിയെന്ന് അറിയിച്ചതോടെ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഫോണിലൂടെ മകളുടെ ശബ്ദം കേട്ടതോടെ വിങ്ങലോടെ അമ്മ ചോദിച്ചു- എന്തിനാ നീ പോയത്.. ‘അമ്മ അടിച്ചതുകൊണ്ടല്ലേ ഞാന്‍ പോയതെ’ന്ന് പറഞ്ഞതോടെ രണ്ടുപേരും വികാരാധീനരായി. മകളുടെ ശബ്ദം കേൾക്കാനായതും വീഡിയോകോളിൽ കാണാൻ സാധിച്ചതും അവർക്ക് ആശ്വാസമായി. ചുറ്റും ആശ്വാസവാക്കുകളുമായി എല്ലാവരും ഉണ്ടായിരുന്നെങ്കിലും മകളെവിടെന്നറിയാതെ കഴിച്ചുകൂട്ടിയ മണിക്കൂറുകളിൽ അനുഭവിച്ച മാനസിക സംഘർഷത്തിന് തെല്ലാശ്വാസമായി. ഇനി മകളെ നേരിൽ കാണാനുള്ള കാത്തിരിപ്പാണ്.
ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരങ്ങളോട് വഴക്കുണ്ടാക്കിയതിന് രക്ഷിതാക്കൾ വഴക്കുപറഞ്ഞതാണ് കാരണം. ഏകദേശം ഒരു മാസംമുൻപാണ് ഇവർ തിരുവനന്തപുരത്തു താമസമാക്കുന്നത്. വീടുവിട്ടിറങ്ങുമ്പോൾ 50 രൂപ മാത്രമാണ് പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നത്. വസ്ത്രങ്ങളടങ്ങിയ ബാഗും എടുത്തിരുന്നു. മാതാപിതാക്കൾ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസിൽ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ചാനൽ വാർത്തകൾ കണ്ട് ബുധനാഴ്ച പുലർച്ചെ ബബിത എന്ന വിദ്യാർഥിനി കന്യാകുമാരിക്കുള്ള തീവണ്ടിയിൽ യാത്രചെയ്യുന്ന തസ്മിദിന്റെ ചിത്രം പോലീസിന് അയച്ചുനൽകിയിരുന്നു. തീവണ്ടിയിലിരുന്നു കരയുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയാണ് ചിത്രം പകർത്തിയത്. ഇതോടെ പെൺകുട്ടി കന്യാകുമാരിക്കാണ് പോയതെന്നു മനസ്സിലായി. പിന്നീട് കേരള, തമിഴ്നാട് പോലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലും പുറത്തും വ്യാപക പരിശോധന നടത്തി. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമെല്ലാം പങ്കാളികളായി.
ഇതിനിടയിലാണ് നാഗർകോവിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കുടിവെള്ളമെടുത്ത് പെൺകുട്ടി വീണ്ടും കയറുന്ന സി.സി. ടി.വി. ദൃശ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ചെന്നൈ എഗ്മോറിലേക്ക് ഇതേ ബോഗികളുപയോഗിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.50-ന് തിരിച്ചുപോകുന്ന വണ്ടിയിൽ കുട്ടി കയറുന്ന ദൃശ്യങ്ങൾകൂടി ലഭിച്ചതോടെ അന്വേഷണം ചെന്നൈയിലേക്കു തിരിഞ്ഞു. കേരള പോലീസിന്റെ അടുത്ത സംഘം ചെന്നൈയിലേക്കു തിരിച്ചു. ഇതിനിടെയാണ് രാത്രിയോടെ വിശാഖപട്ടണത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്.
‘ഇത് ഞങ്ങളുടെ കുട്ടി’: ട്രെയിനിൽ പെൺകുട്ടിയെ വിട്ടുനൽകാതെ ഒരു സംഘം; ചോദ്യം ചെയ്യലിനൊടുവിൽ പിന്മാറ്റം
കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരം. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. താമ്പാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിന്റെ മുൻ നിരയിൽ ജനറൽ കംപാർട്ട്മെന്റിൽ ഒരു കൂട്ടം പുരുഷന്മാർക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്. മലയാളി അസോസിയേഷൻ പ്രതിനിധികൾ ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിന്മാറുകയായിരുന്നു. കുട്ടിയെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ വനിത പൊലീസിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
ട്രെയിനിന്റെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോഗസ്ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളുമില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





