മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി ശക്തിധരനെതിരെ നടത്തിയ പരാമർശങ്ങളിൽ പി.വി അൻവർ എം.എൽ.എ മാപ്പ് പറയണമെന്ന് ആവശ്യം. ഐ.പി.എസ് അസോസിയേഷന്റെ കേരള ചാപ്റ്ററാണ് ആവശ്യം ഉന്നയിച്ചത്. അപകീർത്തിപരവും ദുരുദ്ദേശ്യപരവുമായ പരാമർശങ്ങളിൽ മാപ്പ് പറയണമെന്നാണ് ആവശ്യം.
അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ‘എം.എല്‍.എ.യുടെ പരസ്യമായ അഭിപ്രായപ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്’, ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിമർശനങ്ങളോട് മാപ്പുകൾ പങ്കുവെച്ചായിരുന്നു പി.വി അൻവറിന്റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. കേരളത്തിന്റേയും മലപ്പുറത്തിന്റേയും നിലമ്പൂരിന്റേയും മാപ്പുകളാണ് അദ്ദേഹം പങ്കുവെച്ചത്.
‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..??’ എന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു.