Saturday, 21 September - 2024

കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അൽഹിന്ദ് എയർ; ആഭ്യന്തര സർവീസിനാണ് തുടക്കം

കൊച്ചി: കൊച്ചി എയർപോർട്ട് ആസ്ഥാനമാക്കി ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കാൻ കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അൽഹിന്ദ് എയർ. ഇതു സംബന്ധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്(സിയാൽ) അപേക്ഷ സമർപ്പിച്ചു.

30 വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തന പാരമ്പര്യമുള്ള അൽഹിന്ദ് ഗ്രൂപ്പില്‍ നിന്നാണ് അൽഹിന്ദ് എയർലൈൻ വരുന്നത്. ഇരുപതിനായിരം കോടിയിൽ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.

മൂന്ന് എടിആർ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര പ്രാദേശിക കമ്യൂട്ടർ എയർലൈനായി ആരംഭിക്കുന്ന അൽഹിന്ദ് എയർ, ഇന്ത്യൻ വ്യോമയാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകും. തുടക്കം ആഭ്യന്തര സർവീസാണെങ്കിലും സമീപഭാവിയിൽ തന്നെ വലിയ വിമാനങ്ങൾ സ്വന്തമാക്കി സേവനം വിപുലീകരിക്കാനും ശക്തമായൊരു ആഭ്യന്തര ശൃംഖല പടുത്തുയർത്താനും തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിക്കാനുമാണ് അൽഹിന്ദ് ലക്ഷ്യമിടുന്നത്.

എയർ ടിക്കറ്റിങ്, ഹോളിഡേയ്‌സ്, ഹജ്ജ്-ഉംറ, മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്ന അൽഹിന്ദ്, എയർലൈൻ രംഗത്തും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കി മികച്ച സർവീസ് നൽകുകയാണ് ലക്ഷ്യമിടുന്നത്. കൊച്ചിക്ക് പുറമെ ഡൽഹിയിലും റീജിയണൽ ഓഫീസ് പ്രവർത്തനം ആരംഭിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കാനാണ് അൽഹിന്ദ് എയർ പദ്ധതി.

Most Popular

error: