Saturday, 21 September - 2024

കളിയിലെ തോൽവി: ഗ്രൗണ്ടിൽ അശ്ലീല ആംഗ്യം കാണിച്ച് റൊണാൾഡോ; വിവാദം

റിയാദ്∙ സൗദി സൂപ്പർ കപ്പ് തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് അശ്ലീല ആംഗ്യം കാണിച്ച പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽ ഹിലാലാണു തുടർച്ചയായ രണ്ടാം തവണയും അൽ നസ്റിനെ തോൽപിച്ചത്. 4–1നാണ് അൽ ഹിലാലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബിലെത്തിയ ശേഷം സൗദി അറേബ്യയിലെ ഒരു ടൂർണമെന്റും വിജയിക്കാൻ അൽ നസ്റിനു സാധിച്ചിട്ടില്ല.

നാലാം ഗോൾ വഴങ്ങിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട അൽ നസ്ർ താരം അശ്ലീല ആംഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിക്കു മുൻപ് റൊണാൾഡോയുടെ ഗോളിൽ അൽ നസ്ർ മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 17 മിനിറ്റിനിടെ നാലു ഗോളുകൾ തിരിച്ചടിച്ച് അൽ ഹിലാൽ കളി സ്വന്തമാക്കിയതോടെയാണ് റൊണാൾഡോയുടെ നിയന്ത്രണം നഷ്ടമായത്.

സെര്‍ഗെജ് (55–ാം മിനിറ്റ്), മിട്രോവിച് (63,69), മാൽകോം (72) എന്നിവരുടെ ഗോളുകളിലാണ് അൽ ഹിലാൽ കളി പിടിച്ചത്. ഗോളുകൾ തുടർച്ചയായി വീണതോടെ ഉറങ്ങുകയാണോ എന്നൊക്കെ റൊണാൾഡോ സഹതാരങ്ങളോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. മത്സരത്തിനിടെ മോശം രീതിയിൽ പെരുമാറിയ റൊണാൾഡോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Most Popular

error: