കൊച്ചി: വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി രൂപയുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
അതേസമയം ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. ഇനി 118 പേരെയാണ് കണ്ടെത്താനുള്ളത്. നിലമ്പൂര്‍ മേഖലയിലാണ് പരിശോധന. പുഞ്ചിരി മട്ടം, മുണ്ടക്കൈ ചൂരല്‍മല മേഖലകളിലും തിരച്ചില്‍ തുടരുന്നു.
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തില്‍ മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് അദാലത്ത് നടക്കുന്നുണ്ട്. ദുരന്തബാധിതര്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബന്ധുവീടുകളിലേക്ക് പോകുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍ കൈമാറും. പണം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പര്‍ അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.