Tuesday, 10 September - 2024

ഗാസയിൽ ഇസ്റാഈൽ കൊന്നൊടുക്കിയത് രണ്ട് വയസ്സിൽ താഴെയുള്ള 2,100 കുഞ്ഞുങ്ങളെ

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യത്തിൽ കൊല്ലപ്പെട്ടത് രണ്ട് വയസ്സിൽ താഴെയുള്ള 2100 ഫലസ്തീനി കുഞ്ഞുങ്ങൾ. കൊടും ക്രൂരതയിലൂടെ ഇസ്രായേൽ ഇതുവരെ കൊന്നൊടുക്കിയ കുട്ടികളുടെ ആകെ എണ്ണം 17,000ഓളം വരും.

തുടർച്ചയായ 10 മാസമായി ഇസ്രായേൽ നടത്തുന്ന ഹീനവും ക്രൂരവുമായ അക്രമണത്തിന്റെ തെളിവാണ് ഈ മരണസംഖ്യ. ഈ കൊലപാതകങ്ങളുടെ തോത് ആധുനിക യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ വിരളമാണ്.

ഗസ്സയിലെ വീടുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, അഭയാർഥി കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തു. നിരവധി കുട്ടികൾക്ക് തലയും കൈകാലുകളും നഷ്ടപ്പെട്ടു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാല് ദിവസം പ്രായമുള്ള ഇരട്ടകളായ അസർ, അയ്സൽ മുഹമ്മദ് അബു അൽ-കുംസാൻ എന്നിവർ കൊലചെയ്യപ്പെട്ടതായി യൂറോ-മെഡ് മോണിറ്റർ ഫീൽഡ് ടീം റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പുലർച്ചെ സെൻട്രൽ ഗസ്സ മുനമ്പിലെ ദേർ അൽ-ബലാഹിലെ റെസിഡൻഷ്യൽ ഫ്‌ളാറ്റിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഇരട്ടക്കുട്ടികളായ ഇവരും അമ്മ ജുമാനും മുത്തശ്ശിയും കൊല്ലപ്പെട്ടത്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുപോയ പിതാവ് തിരിച്ചെത്തിയപ്പോൾ കണ്ടത് കുടുംബത്തിന്റെ ചേതനയറ്റ ശരീരങ്ങളാണ്.

ഇസ്രായേൽ സൈന്യം ഗസ്സയിലെ വീടുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർ ഇവിടങ്ങളിൽ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞുതന്നെയാണ്. കഴിയുന്നത്ര സാധാരണക്കാരെ ഇല്ലാതാക്കാൻ അത്യന്തം വിനാശകരമായ ബോംബുകളും മിസൈലുകളുമാണ് സൈന്യം ഉപയോഗിക്കുന്നത്.

മെയ് 26ന് ഇസ്രായേൽ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട അഹമ്മദ് എന്ന ബാലന്റെ പിതാവ് അബ്ദുൾ ഹഫീസ് തന്റെ മകനെയോർത്ത് പൊട്ടികരഞ്ഞു. ”എന്റെ അഹമ്മദ് വളരെ സുന്ദരനായിരുന്നു. ഒന്നര വയസ്സായിരുന്നു അവന്. ഇസ്രയേൽ ബോംബാക്രമണത്തിൽ അവൻ മരണപ്പെട്ടു. അവന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു.

ഒടുവിൽ അവനെ തലയില്ലാതെയാണ് അടക്കം ചെയ്തത്” നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. തെക്കൻ ഗസ്സ മുനമ്പിനടുത്ത് പടിഞ്ഞാറൻ റഫയിലെ ബാർക്സാറ്റ് പ്രദേശത്തെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി നടത്തിയ കൂട്ടക്കൊലയിലാണ് അഹമ്മദും മൂന്ന് സഹോദരന്മാരും അവരുടെ അമ്മയും മരണപ്പെട്ടത്.

Most Popular

error: