മുംബൈ: സുഹൃത്തിന്റെ മരണവിവരം വീട്ടുകാരെയോ പൊലീസിലോ അറിയിക്കാതെ, മൃതദേഹം മറവുചെയ്ത കൂട്ടുകാർ അറസ്റ്റിൽ. 100 അടി ഉയരമുള്ള വൈദ്യുതി ടവറിൽ നിന്നാണ് സുഹൃത്ത് വീണ് മരിച്ചത്. പൂനെ സ്വദേശിയായ ബസവരാജ് മംഗ്രൂലെ (22) ആണ് മരിച്ചത്. സൗരഭ് റെനൂസ്, രൂപേഷ് യെൻപുരെ എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 13ന് രഞ്ജാനെ ഗ്രാമത്തിന് സമീപമുള്ള പ്രവർത്തനരഹിതമായ വൈദ്യുതി ടവറിൽ നിന്ന് ലോഹനിർമിത കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു മൂന്ന് പേരും. കേബിൾ മുറിക്കാൻ ശ്രമിക്കുന്നതിനിടെ മംഗ്രൂലെ തൂണിൽ നിന്ന് താഴെ വീണു. ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സുഹൃത്തുക്കൾ പബെ വനത്തിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 11ന് റെനൂസിനൊപ്പം പബെ ഗ്രാമത്തിലേക്ക് പോയത് മുതൽ മംഗ്രുലെയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിനിടെ പ്രതികൾ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.