ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനത്തതോടെ മേഖലയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് റദ്ദാക്കി. തെല്‍ അവീവ്, തെഹ്‌റാന്‍. ബെയ്‌റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 21 വരെ നിര്‍ത്തിയതായി ലുഫ്താന്‍സയും എയര്‍ ഫ്രാന്‍സ്, ട്രാന്‍സാവിയ തുടങ്ങിയ കമ്പനികള്‍ ബുധനാഴ്ച വരെക്കും ബെയ്‌റൂത്ത് സര്‍വീസ് റദ്ദാക്കി.
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തിപ്പെട്ടത്. പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ളവര്‍ നടത്തിയിരുന്നു.
എന്നാല്‍ ഇവയെല്ലാം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന് ഇസ്രായില്‍ സൈനിക നേതൃത്വം അറിയിച്ചു. ഗസ്സയിലെ ഖാന്‍ യൂനിസില്‍നിന്ന് ജനങ്ങളോട് ഒഴിയാന്‍ ഇസ്രായില്‍ സൈന്യം ആവശ്യപ്പെട്ടു. ഗസ്സയില്‍ ഒരിടവും സുരക്ഷിതമല്ലെന്ന അവസ്ഥയില്‍ എങ്ങോട്ട് പോകുമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഫലസ്തീനികള്‍.
