Thursday, 19 September - 2024

മഴ മുന്നറിയിപ്പിൽ ആശങ്ക; 2018 ലെ ഓഗസ്റ്റ് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ വേണമെന്ന് ആവശ്യം

കൊച്ചി: ഇന്നുമുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെയും സ്വകാര്യ കാലാവസ്ഥാ ഏജൻസികളുടെയും മുന്നറിയിപ്പിൽ പരക്കെ ആശങ്ക. 2018 ഓഗസ്റ്റ് 14ന് രാത്രി തുടങ്ങിയ മഴ ഒരാഴ്ചയോളം നിർത്താതെ പെയ്തതാണ് പ്രളയത്തിന് കാരണമായത്.

ഡാമുകൾ ഒരുപോലെ തുറന്നുവിട്ടതും പെരിയാർ കവിഞ്ഞൊഴുകിയപ്പോൾ കടലിലേക്ക് വെള്ളം ഒഴുകിപ്പോകാതിരുന്നതുമൊക്കെ ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയിരുന്നു. ജൂലൈ അവസാനം നടന്ന വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ പുതിയ മഴമുന്നറിയിപ്പ് സംസ്ഥാനത്താകെ ചർച്ചയാകുകയാണ്.

2018ലെ പ്രളയം നാശം വിതച്ച എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരൊക്കെ ഭീതിയിലാണ്. മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്നും ഇവർ ഭയക്കുന്നുണ്ട്.നിലവിൽ ചെറിയ ഡാമുകളുടെയൊക്കെ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും നിർത്താതെ മഴ പെയ്താൽ വീണ്ടും ഷട്ടറുകൾ ഒരുപോലെ തുറക്കുമോ എന്ന ആശങ്കയാണ് ഇക്കൂട്ടർക്ക്.

ഇക്കഴിഞ്ഞ ജൂലൈ 15മുതൽ മൂന്നുദിവസം നിർത്താതെ പെയ്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകിയിരുന്നു. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.വെള്ളപ്പൊക്ക മുന്നറിയിപ്പ് 3.190 മീറ്റർ ആയിരിക്കെ 3.410 മീറ്ററായാണ് ജലനിരപ്പ് ഉയർന്നത്.കടലാക്രമണം ശക്തമാകുമെന്ന മുന്നറിയിപ്പ് സംസ്ഥാനത്തെ തീരമേഖലയെയും അസ്വസ്തമാക്കുന്നുണ്ട്.

കടൽഭിത്തി ഇല്ലാത്ത എറണാകുളം വൈപ്പിൻ പോലുള്ള മേഖലകളിലെയും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചെല്ലാനത്തും ആലപ്പുഴ,കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലുമൊക്കെ ജനങ്ങൾ സ്വയം മുൻകരുതലുകൾ എടുത്ത് തുടങ്ങിയിട്ടുണ്ട്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വടക്കൻ പറവൂരിലെ ചാലാക്ക,ചെറുകടപ്പുറം,കണക്കൻ കടവ്,കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങൾ ചാലക്കുടിയാറിൻ്റെയും പെരിയാറിൻ്റെയും മധ്യത്തിലാണ് സ്ഥിതിചെയ്യുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇവിടങ്ങളിലുള്ളവർ ഉയർന്നപ്രദേശങ്ങളിലെ സ്കൂളുകളും ആരാധനാലയങ്ങളുമൊക്കെ അഭയസ്ഥാനങ്ങളായി കണ്ടുവച്ചിരിക്കുകയാണ്.

കഴിഞ്ഞപ്രളയത്തിൽ വീടുകൾ വെള്ളത്തിനടിയിലായ, ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർ മാഹിയിലെ കുന്നുംപ്രദേശങ്ങളിൽ സ്ഥലം വാങ്ങി വീടുവച്ചിരുന്നു.ഇനിയും സമാനമായ അവസ്ഥയുണ്ടായാൽ അങ്ങോട്ടേക്ക് പോകുമെന്നാണ് ഇക്കൂട്ടർ പറയുന്നത്. മുല്ലപ്പെരിയാർ ഡാമിൻ്റെ അപകടഭീഷണിയും മധ്യകേരളത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.കടുത്ത കാലാവസ്ഥാമുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഭരണസംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് എല്ലാകോണുകളിൽ നിന്നും ഉയരുന്നത്. കാലാവസ്ഥാവിദഗ്ധരുടെ സഹായത്തോടെ അപകടമേഖലകൾ തിരിച്ചറിഞ്ഞ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങണം.പ്രകൃതിദുരന്തങ്ങളിലേക്ക് തങ്ങളുടെ ഉറ്റവരെ വിട്ടുനൽകരുതേ എന്നും ഇവർ പറയുന്നു.

Most Popular

error: