നരനായാട്ട് തുടർന്ന്…..; അഭയാർത്ഥി ക്യമ്പായ സ്കൂളിൽ ഇസ്റാഈൽ ബോംബാക്രമണം: നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
823

ഗസ്സ: ഗസ്സയിൽ അഭയാർത്ഥി ക്യമ്പായി പ്രവർത്തിച്ച സ്കൂൾ ഇസ്റാഈൽ ബോംബിട്ടു തകർത്തു നൂറിലധികം ഫലസ്തീനികളെ കൊലപ്പെടുത്തി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഒക്ടോബറിനു ശേഷം ഇസ്റാഈലിന്റെ സൈനിക ആക്രമണത്തിൽ 39,699 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്റാഈൽ ആക്രമണം രൂക്ഷമാക്കുന്നതിനിടെ 60,000 ഫലസ്തീനികൾ പടിഞ്ഞാറൻ ഖാൻ യൂനിസിലേക്ക് നീങ്ങിയതായി യു.എൻ വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ പറഞ്ഞു.

ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മാഈൽ ഹനിയ്യ ഉൾപ്പെടെ രണ്ട് മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിന് ശേഷം മേഖല വീണ്ടും കൂടുതൽ സംഘർഷഭരിതമാകുമെന്നാണ് കണക്കുകൂട്ടൽ. ഇരകളിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.

കഴിഞ്ഞ ആഴ്ചയും ഗാസയിലെ നാല് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 4ന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 1ന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

സ്‌കൂളുകളില്‍ ഹമാസ് പോരാളികൾ ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ സ്ത്രീകളെയും കുട്ടികളെയും ബോംബിട്ടു കൊല്ലുന്നത്. അതേസമയം, ഇസ്‌റാഈലിനെതിരെ  ദക്ഷിണാഫ്രിക്കയുടെ കേസില്‍ തുര്‍ക്കിയും കക്ഷിചേര്‍ന്നു. ഇത് കേസിനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും