ന്യൂഡൽഹി: അറബി സംസാരിക്കുന്ന സന്ദർശകർക്കായി ഇന്ത്യൻ ടൂറിസം മന്ത്രാലയം അറബിക് ഭാഷാ വിവര ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാനും ഇന്ത്യയിലെ അവരുടെ യാത്രകളിൽ ആവശ്യമായ പിന്തുണയും സഹായവും നൽകാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇന്ത്യയുടെ ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ബുധനാഴ്ച ലോക്‌സഭയിലാണ് ഹെൽപ്പ്ലൈൻ പ്രഖ്യാപിച്ചത്.
ടോൾ ഫ്രീ നമ്പറായ 1800111363 ലൂടെ അറബിയിൽ സുപ്രധാന യാത്രാ വിവരങ്ങളും സേവനങ്ങളും ലഭിക്കും. കൂടാതെ, അറബിക് ഉൾപ്പെടെ 12 വിദേശ ഭാഷകളിൽ 1363 എന്ന ഹ്രസ്വ കോഡ് വഴി വിനോദസഞ്ചാരികൾക്ക് ഈ വിവരങ്ങൾ നേടാനാകും. ഹിന്ദിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. ഇവക്ക് പുറമേ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, മാൻഡാരിൻ (ചൈനീസ്), പോർച്ചുഗീസ്, റഷ്യൻ എന്നിവയാണ് ഹെൽപ്പ്ലൈനിലുള്ള ഭാഷകൾ.
മൊബൈൽ നെറ്റ്വർക്ക് സിസ്റ്റത്തിൽ മൾട്ടിമീഡിയ സന്ദേശങ്ങൾക്കും (എംഎംഎസ്) ഹ്രസ്വ സന്ദേശങ്ങൾക്കും (എസ്എംഎസ്) ഉപയോഗിക്കുന്ന ചുരുക്കിയ നമ്പറുകളാണ് ഹ്രസ്വ കോഡുകൾ, ഇത് വിനോദസഞ്ചാരികൾക്ക് സഹായം വേഗത്തിൽ നേടാൻ സഹായിക്കുന്നതാണ്.
‘ടൂറിസം മന്ത്രാലയത്തിന്റെ പരിശ്രമത്തോടെ, 15 സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദർശകരെ സഹായിക്കാൻ പ്രത്യേക ടൂറിസ്റ്റ് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്,’ ഷെഖാവത്ത് പറഞ്ഞു. ഈ നടപടികൾ ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നും അന്താരാഷ്ട്ര സന്ദർശകർക്ക് കൂടുതൽ ആസ്വാദ്യകരമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
