ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോർഡുകളുടേയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള വിവാദ നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഭേദഗതി പ്രകാരം വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്ലിം ഇതരവിഭാഗക്കാർക്കും പ്രാതിനിധ്യമുണ്ടാവും. വനിതകളും ഇതിൽ അംഗങ്ങളാകും.
വഖഫ് ഭൂമിയുടെ രജിസ്ട്രേഷനായി പ്രത്യേക പോർട്ടൽ സജ്ജീകരിക്കുമെന്നും ബില്ലിൽ നിർദേശമുണ്ട്. നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ നിർദേശിക്കുന്ന ബിൽ നിയമമായാൽ, ഏതെങ്കിലും വഖഫ് സ്വത്തിന്മേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചാൽ സർക്കാർ പരിശോധന നിർബന്ധമാകും.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തിൽ ഘടനയിൽ നടത്തുന്ന അഴിച്ചുപണിയാണ് രണ്ടാമത്തെ പ്രധാന മാറ്റം. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ പുതിയ ബില്ലിൽ എടുത്തുകളഞ്ഞിട്ടുമുണ്ട്. വഖഫ് ബോർഡുകൾക്കുമേൽ സർക്കാർ നിയന്ത്രണം വരുന്നതോടെ ബോർഡുകളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നഷ്ടമാകും. വഖഫ് ട്രൈബ്യൂണലുകൾക്കുള്ള അധികാരത്തിലും വെള്ളം ചേർക്കപ്പെടും. രാജ്യത്തൊട്ടാകെയുള്ള 8.7 ലക്ഷം വഖഫ് സ്വത്തുക്കൾ 9.4 ലക്ഷം ഏക്കർ വരുമെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.
1954ലെ വഖഫ് നിയമത്തിൽ 1996ലും 2013ലും പാർലമെന്റിൽ ഭേദഗതികൾ കൊണ്ടുവന്നാണ് വഖഫ് കൈയേറ്റങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനും വഖഫ് ബോർഡുകൾക്ക് അധികാരാവകാശങ്ങൾ നൽകിയത്. എന്നാൽ, വഖഫ് സംരക്ഷണത്തിനായി കൊണ്ടുവന്ന ഇത്തരം വ്യവസ്ഥകൾ എടുത്തുമാറ്റുന്നതാണ് വിവാദ ബിൽ.
നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗെസറ്റ് വിജ്ഞാപനത്തിലൂടെ ,വഖഫ് പട്ടികയിൽപ്പെടുത്തിയ സ്വത്തുക്കളിലും പുനഃപരിശോധനക്കും സർക്കാർ ഇടപെടലിനും ഇത് വഴിയൊരുക്കും. വഖഫ് സ്വത്തുക്കൾക്കുമേൽ സ്വകാര്യവ്യക്തികൾ അവകാശത്തർക്കം ഉന്നയിച്ചാലും സർക്കാർ മേൽനോട്ടത്തിൽ നിർബന്ധ പരിശോധന ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.