പ്രീ സീസൺ സൗഹൃദ ഫുട്ബോൾ; റയൽ മാഡ്രിഡിന് ജയം, ബാഴ്സയ്ക്ക് ഷൂട്ടൗട്ടിൽ തോൽവി

0
461

നോർത്ത് കരോലിന: പ്രീ സീസൺ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് ജയം. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ചെൽസിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്.

സ്പാനിഷ് ക്ലബിനായി 19-ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസും 27-ാം മിനിറ്റിൽ ബ്രഹാം ഡയസും ​ഗോളുകൾ നേടി. ചെൽസിയുടെ ഏക ​ഗോൾ 39-ാം മി‌നിറ്റിൽ നോനി മദുകെയാണ് വലയിലാക്കിയത്.

പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ റയലിന്റെ ആദ്യ ജയമാണിത്. മുമ്പ് ബാഴ്സലോണയോടും എ സി മിലാനോടും റയൽ സംഘം പരാജയപ്പെട്ടിരുന്നു. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എ സി മിലാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ആവേശത്തിനൊടുവിലാണ് ബാഴ്സയുടെ പരാജയം.

മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി. എ സി മിലാനായി ലൂക്ക ജോവിക് 10-ാം മിനിറ്റിലും ക്രിസ്റ്റ്യൻ പുലിസിക് 15-ാം മിനിറ്റിലും ​ഗോൾ നേടി. ബാഴ്സയുടെ രണ്ട് ​ഗോളുകളും റോബർട്ട് ലെവൻഡോവ്സ്കിയാണ് നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ട് ആറ് കിക്ക് വരെ നീണ്ടു. ഇവിടെ 4-3നാണ് എ സി മിലാന്റെ ജയം.