റിയാദ്: എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു. സെപ്റ്റംബർ ഒമ്പത് മുതലാണ് സർവിസ്. അന്ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയുരന്ന ഐ.എക്സ് 522ാം നമ്പർ വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. അന്ന് രാത്രി 11.40ന് റിയാദിൽനിന്നു തിരുവനന്തപുരത്തേക്ക് തിരിച്ചും പറക്കും. പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും.
എല്ലാ തിങ്കളാഴ്ചകളിലുമാണ് സർവിസ്. നിലവിൽ നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ പല വഴി പല രാജ്യങ്ങൾ ചുറ്റിയുള്ള വിമാനങ്ങളെയാണ് പ്രവാസികൾ ആശ്രയിക്കുന്നത്. വെറും നാലര മണിക്കൂറിന്‍റെ ദൂരം ഏഴും എട്ടും ചിലപ്പോൾ 12ഉം 15ഉം മണിക്കൂർ വരെ എടുത്താണ് എത്തുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നേരിട്ടുള്ള സർവിസ് വരുന്നതോടെ ഈ ദുരിതത്തിന് ഒരു പരിധിവരെ അറുതിയാവും.
നേരത്തെ എയർ ഇന്ത്യയും സൗദി എയർലൈൻസും തിരുവനന്തപുരം-റിയാദ് സെക്ടറിൽ നേരിട്ട് സർവിസ് നടത്തിയിരുന്നു. മതിയായ യാത്രക്കാരില്ല എന്ന കാരണത്താലാണ് സൗദി എയർലൈൻസ് പിന്നീട് സർവിസ് നിർത്തിവെച്ചു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എയർ ഇന്ത്യയും സർവിസ് മതിയാക്കി. അതോടെ തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതായി. അഞ്ച് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് നേരിട്ടുള്ള വിമാനമെന്ന ആശ്വാസം തെക്കൻ കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും പ്രവാസികൾകൾക്ക് ലഭിക്കുന്നത്.