കൽപ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ സുരേഷ് ഗോപിയോട് വിശദീകരിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിന് ശേഷം കളക്ടറുടെ സാന്നിധ്യത്തിൽ അവലോകനയോഗം ചേരും.
