എയര്‍ ഇന്ത്യ-വിസ്താര ലയനം, ജീവനക്കാര്‍ പെരുവഴിയിലാകില്ല; ടാറ്റ

0
934

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയും വിസ്താര എയര്‍ലൈന്‍സും ലയിക്കുമ്പോള്‍ വിസ്താരയിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകില്ല. അവര്‍ക്ക് ടാറ്റ ഗ്രൂപ്പില്‍ തന്നെ പുനര്‍നിയനമം ലഭിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

ലയനത്തിന് മുന്നോടിയായി വിസ്താര എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ലയനം നടപ്പാക്കുമ്പോള്‍ 600 ഓളം നോണ്‍ ഫ്‌ളയിങ് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുക. പിന്നീട് ജീവനക്കാരുടെ ആവശ്യപ്രകാരം ഇവര്‍ക്ക് എയര്‍ ഇന്ത്യയിലോ, ടാറ്റ ഗ്രൂപ്പിലോ ജോലി നല്‍കും.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത ഉടമസ്തതയിലാണ് വിസ്താര എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ പുനക്രമീകരണത്തിന്റെ ഭാഗമായി രണ്ട് പദ്ധതികളാണ് അവര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്.

നിലവില്‍ സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരും ഉള്‍പ്പടെ വിസ്താരയില്‍ 6,500 ജീവനക്കാരാണ് ഉള്ളത്. അഞ്ചുവര്‍ഷത്തിലധികം സര്‍വീസുള്ള സ്ഥിരം ജീവനക്കാര്‍ക്കായി വി.ആര്‍.എസും അഞ്ചു വര്‍ഷം തികയാത്ത ജീവനക്കാര്‍ക്കായി വി.എസ്.എസും (വോളണ്ടറി സെപ്പരേഷന്‍ സ്‌കീം). ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ ഓഗസ്റ്റ് 23 നകം അപേക്ഷ നല്‍കണമെന്നാണ് മാനേജ്‌മെന്റ്‌റ് അറിയിച്ചിട്ടുള്ളത്. 

പൈലറ്റുമാര്‍, കാബിന്‍ ക്രൂ എന്നിങ്ങനെ വിമാനത്തിനകത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പദ്ധതി ബാധകമാവില്ല. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തപ്പോള്‍ നടപ്പാക്കിയ വി.ആര്‍.എസ് മാതൃകയാണ് മറ്റു ജീവനക്കാര്‍ക്കായി നടപ്പാക്കുന്നത്. എയര്‍ ഇന്ത്യയും വിസ്താരയും നിലവില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ലയനത്തിലൂടെ പുനക്രമീകരണം നടത്തി ലാഭത്തിലെത്താനാകുമെന്നാണ് കണക്കു കൂട്ടല്‍. 23,000 ജീവനക്കാരാണ് നിലവില്‍ രണ്ട് കമ്പനികളിലുമായി ജോലി ചെയ്യുന്നത്. ജീവനക്കാരുടെ മുന്‍കാല പ്രവര്‍ത്തന മികവ് കൂടി പരിഗണിച്ചായിരിക്കും വി.ആര്‍.എസ് പദ്ധതി നടപ്പിലാക്കുകയെന്ന് സൂചനകള്‍ പറയുന്നു.