‘വേണം വയനാട്ടില്‍ നിന്നൊരു കണ്‍മണി’; ദത്തെടുക്കാന്‍ തയ്യാറെന്ന് പ്രവാസി

0
3136

ഉറ്റവരുടെയും ഉടയവരുടെയും ജീവന്‍ കവരുന്നത് നിസ്സഹായതോടെ നോക്കി നില്‍ക്കേണ്ടി വന്നരുണ്ട് മുണ്ടക്കൈയിലും ചൂരല്‍മലയിലും. അക്കൂട്ടത്തില്‍ അനാഥരായ കുഞ്ഞുമക്കളും നിരവധിയാണ്. താങ്ങും തണലുമാകാന്‍ അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലാതെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞു കൂടുന്ന കുഞ്ഞുമക്കള്‍ കണ്ണീര്‍കാഴ്ച്ചയായി മാറുകയാണ്. വയനാടിന്‍റെ അതിജീവനത്തിനായി നാടൊട്ടുക്കും കരങ്ങള്‍ കോര്‍ക്കുമ്പോള്‍ അനാഥരായ കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകാന്‍ സന്നദ്ധരാകുകയാണ് ചില നല്ലമനസുകള്‍. 

ദുരിതാശ്വാസ ക്യാംപിലെ കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധരായി വയനാട്ടിലെത്തിയ ഇടുക്കി സ്വദേശി സജിനും ഭാര്യ ഭാവനയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് പ്രവാസിയായ സമീര്‍ പങ്കുവച്ച കുറിപ്പ്. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്തെടുക്കാന്‍ തയ്യാറാണ് എന്നാണ് സമീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കുടുംബവുമൊത്തുളള ചിത്രവും സമീര്‍ പങ്കുവച്ചു. താനും ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന  കുടുംബത്തിലേക്ക് ആരോരുമില്ലാത്ത ഒരു കുഞ്ഞിനെക്കൂടി സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് സമീര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. 

ഈ തീരുമാനം ആവേശത്തിന്റ പുറത്ത് എടുത്തതല്ലെന്നും മുന്‍പേ തന്നെ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ പദ്ധതി ഉണ്ടായിരുന്നെന്നും സമീര്‍ കുറിപ്പിലൂടെ അറിയിച്ചു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് സമീറിനും കുടുംബത്തിനും നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും രംഗത്തെത്തുന്നത്. 

സമീര്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട്,  ആരും ഇല്ലാത്ത ചെറിയ കുട്ടി (പെൺ) ഉണ്ടെങ്കിൽ ഞാനും എന്റെ പാർട്ണറും ദത്ത് എടുക്കാൻ തയ്യാറാണ്. നമുക്ക് 12 &5 വയസ്സുള്ള 2 ആൺ മക്കളുണ്ട്. ഫാമിലി കുവൈറ്റിലാണ്. ഗവണ്മെന്റ് പറയുന്ന എല്ലാ പോളിസിയും പാലിച്ച്കൊണ്ട് മുന്നോട്ട് പോകാം. ഇതൊരു ആവേശത്തിന്റ പുറത്തല്ല, നമ്മൾ സംസാരിച്ച് പ്ലാൻ ചെയ്തതാണ്. നമ്മുടെ ലൈഫിൽ  ഒരു പെൺകുട്ടിയെ (ആരും ഇല്ലാത്ത) ദത്ത് എടുക്കണമെന്ന് മുന്നേ പ്ലാൻ ഉള്ളതാണ്.