വയനാടിനൊപ്പമുണ്ട്; കടയിലെ മുഴുവൻ വസ്ത്രങ്ങളുമായി കരീം ക്യാമ്പിലേക്ക്

0
2247

വടകര: ഉരുൾപൊട്ടലിൽ നിന്ന് ജീവൻ മാത്രം മുറുകെ പിടിച്ചുകൊണ്ട് പാതി മരിച്ച മനസുമായി കഴിയുന്ന നിരവധി പേരുണ്ട് പല ക്യാമ്പുകളിലായി. രക്ഷപെട്ടോടുമ്പോൾ പിന്നിൽ ഒരായുസ്സു മുഴുവൻ സാമ്പാദിച്ചതെല്ലാം നാമാവശേഷമാകുന്നത് കണ്ടുനിൽക്കാനെ അവ‍ർക്കെല്ലാം കഴിഞ്ഞിരുന്നുള്ളൂ. അത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നവ‍‍ർക്ക് സാന്ത്വനമാകുന്നുണ്ട് വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ സഹായ ഹസ്തങ്ങൾ.

അത്തരത്തിൽ വയനാട്ടിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രം വേണമെന്ന അറിയിപ്പ് കേട്ടയുടൻ കരീം താക്കോലുമെടുത്ത് ഓടിയത് തന്റെ ടെക്സ്റ്റൈൽ കടയിലേക്കാണ്. കടയിലുണ്ടായിരുന്ന മുഴുവൻ റെഡിമെയ്ഡ് വസ്ത്രങ്ങളും വടകര പുതുപ്പണം സ്വദേശി കരീം നടക്കൽ വലിയ കവറുകളിലാക്കി മകന്റെ കയ്യിലയച്ചു കൊടുത്തു.

മകൻ മുഹമ്മദ് കലഫ് നേരെ വയനാട്ടിലേക്ക്. സ്വന്തം കടയിലുള്ള വസ്ത്രങ്ങൾ മാത്രമല്ല പുറമേ നിന്ന് മറ്റു തുണികളും കൂടി വാങ്ങിയാണ് കരീം കൊടുത്തയച്ചത്. ടെക്സ്റ്റൈൽ ഷോപ്പ് മുതലാളി മാത്രമല്ല, വടകര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് കരീം. പാലയാട് നട പുത്തൻനടയിലാണ് സഫു എന്ന പേരിട്ടിരിക്കുന്ന തന്റെ ടെക്‌സ്റ്റയിൽസ്. കടയിലുണ്ടായിരുന്നു മുക്കാൽ ഭാ​ഗം സ്റ്റോക്കുകളും അദ്ദേഹം വയനാട്ടിലേക്ക് കൊടുത്തുവിട്ടു.

മാക്‌സി, പർദ, അടിവസ്ത്രങ്ങൾ, ലുങ്കി, മുണ്ട്, ജീൻസ്, ഉടുപ്പ്, ഷർട്ട്, തോർത്ത് എന്നിങ്ങിനെ അത്യാവശ്യം വേണ്ട തുണികളാണ് അധികവും. ബെഡ് ഷീറ്റ്, പുതപ്പ്, പായ തുടങ്ങിയവ പുറമേ നിന്ന് വാങ്ങിയതും. തുണികളും സാധനങ്ങളുമെല്ലാം വണ്ടിയിലാക്കി മുഹമ്മദ് കലഫ് മേപ്പാടിയിലെത്തി ദുരിതാശ്വാസക്യാമ്പ് അധികൃതരെ ഏൽപ്പിച്ചു.

കരീം മാത്രമല്ല, വടകര സ്വദേശിയും കോൺഗ്രസ് ബ്ലോക്ക് വൈസ്‌ പ്രസിഡന്റുമായ ലത്തീഫ് കല്ലറക്കൽ, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തന്റെ ‘ഇവ ജൂനിയേഴ്‌സി’ൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വയനാട്ടിലേക്ക് വസ്ത്രങ്ങൾ നൽകുകയാണ്.