Saturday, 21 September - 2024

‘ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ, ഈ ദുരന്തം നടക്കേണ്ടത് മലപ്പുറത്ത്’ ; മുണ്ടക്കൈ ദുരന്തത്തിൽ വർഗീയവിഷം ചീറ്റുന്നു

വയനാട്: ഒരു രാത്രികൊണ്ട് ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മരണ നിരക്ക് ഉയർന്നുകൊണ്ടിരിക്കെതന്നെ കാണാതായവരും ഉറ്റവരെ നഷ്ടമായവരും വേറെ. എന്നാൽ ഇതിനിടയിലും വർഗീയവിഷം ചീറ്റുകയാണ് തീവ്ര ഹിന്ദുത്വവാദികൾ.

ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണം നടത്തുന്ന മാധ്യമമായ തത്വ ഇന്ത്യയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ ദുരന്തവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വാർത്തയ്ക്ക് താഴെയാണ് വർഗീയ വിദ്വേഷ കമന്റുകൾ.

മുസ്‌ലിം വിഭാഗത്തെയും, വയനാട്ടിലെ ജനത്തേയും കേരളത്തേയും അപമാനിക്കുന്ന കമന്റുകളാണ് ഇവയിൽ അധികവും. കൂടാതെ രാഷ്ട്രീയ പകപോക്കലിനുള്ള മാർഗമായും ഇതിനെ ഉപയോഗിക്കുകയാണ് തീവ്രഹിന്ദുത്വവാദികൾ.

‘ഇത് കർമ്മയാണ്, ഇനി സഹായത്തിനായി നിങ്ങൾ രാഹുൽ ഗാന്ധിയെ വിളിക്കൂ…’ എന്നാണ് ഒരാൾ കുറിച്ചത്. ‘ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷയാണ് ഇത് ‘ എന്നാണ് മറ്റൊരാൾ കുറിച്ചത്. ‘ഇനിയും നിങ്ങൾ ബീഫ് കഴിക്കുമോ?’, ‘എവിടെയാണ് പപ്പു ( രാഹുൽ ഗാന്ധി)’, ‘ഇനി കേന്ദ്രത്തോട് സഹായം ചോദിക്കേണ്ട…’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഇതിനു താഴെ വരുന്നത്.

ബീഫ് കഴിക്കുന്നത്, ഫലസ്തീനെ അംഗീകരിക്കൽ, മലപ്പുറത്തെ ജനസംഖ്യ, ഹിന്ദി അംഗീകരിക്കാതിരിക്കൽ, ക്രിസ്തുമതം പിന്തുടരുന്നത്, ഇസ്‌ലാം മതവിശ്വാസം, ബിജെപിയുടെ തോൽവി, കോൺഗ്രസിന്റെ വിജയം,സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പ് എന്നിവയാണ് പ്രധാനമായും കമന്റുകളിൽ ഉന്നയിക്കുന്ന വിഷയങ്ങൾ.

വയനാട്ടിൽ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നത്, കേരളത്തിലുള്ളവർ വിദ്യാസമ്പന്നരാണ് അവർക്ക് ദൈവമില്ല, സൈന്യത്തെ തിരിച്ചു വിളിക്കണം അവർക്ക് സൈന്യത്തിന്റെ സേവനം ആവശ്യമില്ല’ തുടങ്ങിയവയാണ് ചില പ്രതികരണങ്ങൾ.

അതേസമയം ദുരന്തത്തെ നേരിടാൻ ഒറ്റമനസ്സോടെയുള്ള പ്രവർത്തനമാണ് വയനാട്ടിലെ മുണ്ടക്കൈയിൽ നടത്തുന്നത്. രക്ഷാപ്രവർത്തനത്തിലും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും നിരവധി പേരാണ് സന്നദ്ധരായി എത്തുന്നത്.

Most Popular

error: