‘ഹെലികോപ്റ്ററില്‍ മാത്രമേ മുണ്ടകൈയിലേക്ക് വരാന്‍ പറ്റൂ, മരുന്നും ഭക്ഷണവും കിട്ടിയാല്‍ മതി’

0
1487

എന്റെ പെങ്ങളും അളിയനും മകനും എല്ലാരും പോയി, ആദ്യം ഉരുള്‍ പൊട്ടിയ സമയത്ത് തന്നെ 120 പേരെ ഇവിടേക്ക് കൊണ്ടുവന്നിരുന്നു, അവർ സുരക്ഷിതർ, 100 ലധികം ആളുകൾ മരിച്ചുവെന്നും റിസോർട്ട് ജീവനക്കാരൻ

മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍  ഒരു മാര്‍ഗവുമില്ലെന്നും ഹെലികോപ്റ്റര്‍ വഴി മാത്രമേ വരാന്‍ പറ്റുകയുള്ളുവെന്നും പ്രദേശത്തെ റിസോര്‍ട്ട് ജീവനക്കാരന്‍ യൂനസ്. ആദ്യഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ ട്രീവാലി റിസോര്‍ട്ടിലേക്ക് ആളികള്‍ മാറിയിരുന്നു. എന്നാല്‍ ഒരുപാട് പേര്‍ മരിച്ചിട്ടുണ്ടാവാമെന്നും ഒരുപാട് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യൂനസ് പറഞ്ഞു. 

‘ആദ്യം ഉരുള്‍ പൊട്ടിയ സമയത്ത് തന്നെ 120 പേരെ ഇവിടേക്ക് കൊണ്ടുവന്നിരുന്നു. അവര്‍ സുരക്ഷിതരാണ്. പക്ഷേ പരുക്ക് പറ്റിയ ഒരുപാട് ആളുകളുണ്ട്. അവര്‍ക്കുള്ള മരുന്നുകളും കുറച്ച് ഭക്ഷണവും കിട്ടിയാല്‍ മതി. കുറേ ആളുകള്‍ വീടിനകത്ത് കുടുങ്ങുക്കിടക്കുന്നുണ്ട്. അവിടേക്ക് എത്താന്‍ പറ്റുന്നില്ല. റിസോര്‍ട്ട് നില്‍ക്കുന്ന സുരക്ഷിതമായ സ്ഥലത്താണ്. എന്നാല്‍ മുണ്ടകൈയിലേക്ക് എത്താന്‍ ഒരു മാര്‍ഗവുമില്ല. ഹേലികോപ്റ്ററിലൂടെ മാത്രമേ വരാന്‍ പറ്റൂ. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്.

100ലധികം ആളുകള്‍ മരിച്ചു, എന്‍റെ പെങ്ങളും അളിയനും അവരുടെ കുട്ടിയും എല്ലാവരും പോയി. മുണ്ടകൈയിലെ പുഞ്ചിരിമറ്റത്തായിരുന്നു അവര്‍. ഉരുള്‍പ്പൊട്ടലിന്‍റെ ഉത്ഭവവും അവിടെ നിന്നായിരുന്നു. റിസോര്‍ട്ടിലുള്ള കഞ്ഞി വച്ച് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തു. ഇവിടെയുള്ള നാലഞ്ച് കടകളും ഉരുള്‍പ്പൊട്ടലില്‍ പോയി. അതുകൊണ്ട് സാധനങ്ങള്‍ ഒന്നും വാങ്ങാനില്ല. ഒരു മസ്ജിദ് തകര്‍ന്നു. അതിലുണ്ടായിരുന്ന ഉസ്താദിനെ കാണാനില്ല. സമീപത്തുള്ള മദ്രസക്ക് കുഴപ്പമില്ല,’ യൂനസ് പറഞ്ഞു.