ഭോപ്പാൽ: വിദേശീയമായ ‘അൽപ്പ വസ്ത്രം’ ധരിച്ചെത്തുന്ന തീർത്ഥാടകർക്ക് മധ്യപ്രദേശിലെ കലിക ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് പൂജാരി. മധ്യപ്രദേശിലെ രത്‍ലാം നഗരത്തിലാണ് ഈ ക്ഷേത്രം. വിദേശ വസ്ത്രം ധരിച്ചും ഷോർട്ട്സ് പോലുള്ള ‘അൽപ്പ വസ്ത്രം’ ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
ക്ഷേത്രത്തിന്റെ വിശുദ്ധി സംരക്ഷിക്കണമെന്നും പൂജാരി രാജേന്ദ്ര ശർമ്മ പിടിഐയോട് പറഞ്ഞു. ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്ന വിശ്വാസികൾക്ക് ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിരോധിത വസ്ത്രങ്ങൾ ഏതെല്ലാമെന്ന് പരാമർശിക്കുന്ന നിരവധി ഫലകങ്ങൾ നാല് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. രത്‍ലാം ജില്ലാ അഡ്മിനിസ്ട്രേറ്റഷന്റെ കീഴിലാണ് ക്ഷേത്രം.
400 വർഷം മുമ്പ് രാജാവ് രത്തൻ സിങ്ങാണ് ഈ ക്ഷേത്രം നിർമ്മിച്ച് ദേവിയെ പ്രതിഷ്ഠിച്ചതെന്നാണ് രാജേന്ദ്ര ശർമ്മയുടെ അവകാശവാദം. വിദേശ വസ്ത്രം ഇന്ത്യൻ സംസ്കാരത്തിനും സനാതന ധർമ്മത്തിനും എതിരാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത് ഒരു വിശ്വാസി പ്രതികരിച്ചു. ധാരാളം ഭക്തർ നിത്യേനെയെത്തുന്ന ക്ഷേത്രമാണ് കലിക.
