സഊദിയിൽ രണ്ടു വാഹനാപകടങ്ങളിൽ അഞ്ചു പേർ മരിച്ചു

0
1079

റിയാദ്: സഊദിയിൽ തായിഫ്, റിയാദ് റോഡിൽ ഇന്നുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ അഞ്ചു പേർ മരണപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ മൂന്നു മണിക്കാണ് ആദ്യ അപകടമുണ്ടായത്. കാർ മറിഞ്ഞ് മൂന്നു പേർ മരിക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റിയാദ് ഹെൽത്ത് ക്ലസ്റ്ററിനു കീഴിലെ അൽഖാസിറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ പരിശോധനകൾക്കു ശേഷം അൽഖുവൈഇയ ജനറൽ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റി. താടിയെല്ല് പൊട്ടിയ ഒരാളെ റിയാദ് കിംഗ് സൗദ് ആശുപത്രിയിലേക്കും നീക്കി. ഒരാളെ അൽഖാസിറ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

രണ്ടാമത്തെ അപകടം ഇന്ന് രാവിലെ ഏഴു മണിക്കാണുണ്ടായത്. കാർ മറിഞ്ഞ് രണ്ടു പേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അൽഖാസിറ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇക്കൂട്ടത്തിൽ ഒരാളെ അൽഖുവൈഇയ ജനറൽ ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റി. രണ്ടാമനെ അൽഖാസിറ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.