ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ഓടുന്ന കാറിൽ അഭ്യാസം നടത്തിയ ‘സ്പൈഡർമാൻ’ കസ്റ്റഡിയിൽ. നജാഫ്ഗഡ് സ്വദേശിയായ ആദിത്യ(20)നാണ് സ്പൈഡർമാന്‍റെ വേഷമണിഞ്ഞ് കാറിന്‍റെ ബോണറ്റിന് മുകളിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് ദ്വാരക ട്രാഫിക് പൊലീസ് നടപടിയെടുത്തത്. കാറോടിച്ചിരുന്ന ഗൗരവ് സിങ് (19) എന്നയാളെയും പൊലീസ് പിടികൂടി. സ്പൈഡർമാന്‍റെ വേഷത്തിലുള്ള യുവാവിന്‍റെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ അപകടകരമായി വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കൽ തുടങ്ങി 26,000 രൂപ പിഴയടക്കാനുള്ള കുറ്റം ഇവർക്കുമേൽ ചുമത്തുകയായിരുന്നു.