ബ്രസീലിയൻ കോഴി ഇറക്കുമതിക്ക് താൽക്കാലിക വിലക്ക്; സഊദി വിപണിയെ ബാധിക്കില്ല

0
1229

റിയാദ്: ബ്രസീലിയൻ കോഴി ഇറക്കുമതിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത് സഊദി വിപണിയെ ബാധിക്കില്ലെന്ന് സൗദി ചേംബർ ഫെഡറേഷൻ കമ്മിറ്റി.

ന്യൂകാസിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ബ്രസീലിൽ നിന്ന് കോഴിയിറച്ചി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ താത്കാലിക നിരോധനത്തിൻ്റെ ആഘാതം സൗദി വിപണിയെ ബാധിച്ചിട്ടില്ല. ബ്രസീലിൽ നിന്നുള്ള താൽക്കാലിക വിലക്ക് സൗദി വിപണിയിൽ ലഭ്യമായ അളവുകളെയോ വിലയെയോ കാര്യമായി ബാധിക്കില്ലെന്ന് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ഷായ പറഞ്ഞു.

പുതിയതും ശീതീകരിച്ചതുമായ കോഴിയിറച്ചിയുടെ വിപണി ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യം പ്രാദേശിക ഉൽപാദനത്തെ ആശ്രയിക്കുന്നു. സൗദി വിപണിയിലെ കോഴി ആവശ്യത്തിൻ്റെ 70 ശതമാനവും പ്രാദേശിക ഉൽപ്പാദനം ഉൾക്കൊള്ളുന്നതായും ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള പ്രാദേശിക ബദലുകൾ വൻതോതിൽ ലഭ്യമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക ഉൽപ്പാദന ശേഷി വർധിപ്പിച്ചും ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റിയും അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും 100% സ്വയംപര്യാപ്തത കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ആവശ്യമെങ്കിൽ സൗദി വിപണിയുടെ കോഴി ഉൽപന്ന ആവശ്യങ്ങൾ നിറവേറ്റാൻ ബദൽ സ്രോതസ്സുകൾ തയ്യാറാണെന്നും ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിപണിയിലേക്കുള്ള അവയുടെ തുടർച്ചയായ വിതരണവും ഉറപ്പാക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.