ലഖ്നൗ: ഉത്തർപ്രദേശിൽ കാവഡ് യാത്രയ്ക്കിടെ മുസ്‌ലിം ഡ്രൈവറെ ക്രൂരമായി മർദിച്ച് തീർഥാടകർ. മുസാഫർനഗറിലെ ചപ്പർ ഗ്രാമത്തിൽ ജൂലൈ കഴിഞ്ഞദിവസമായിരുന്നു സംഭവം. കാർ ഡ്രൈവറായ ആഖ്വിബിനാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി കല്ലും മണ്ണും വാരിയിട്ട കാവഡ് യാത്രികർ വാഹനം തല്ലിത്തകർക്കുകയും ചവിട്ടിപ്പൊളിക്കുകയും ചെയ്തു.
ഗംഗാ നദിയിൽ നിന്നുള്ള ജലം കൊണ്ടുപോകുന്ന കാവഡിൽ കാർ ഇടിച്ചെന്നും കേടുപാടുകൾ വരുത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. എന്നാൽ കാർ ഒരു കാവഡിനും കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും പ്രകോപനമില്ലാതെയാണ് ഇദ്ദേഹത്തെ കാവഡ് യാത്രികർ ആക്രമിച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പത്തോളം അജ്ഞാതരായ കാവഡ് യാത്രികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമാസക്തരായ ഒരു സംഘം കാവഡ് യാത്രികർ കാർ നശിപ്പിക്കുന്നതും മുകളിൽ കയറി ചില്ലുകൾപ്പെടെ തകർക്കുന്നതും ഉടമയെ കൂട്ടമായി മർദിക്കുന്നതും കാണാം. പൊലീസുകാരുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ കാർ ഡ്രൈവർ അടുത്തുള്ള റസ്റ്റോറന്‍റിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ ഇതിനകത്തു കയറിയും സംഘം യുവാവിനെ മർദിച്ചു.
കേടുപാടുകൾ സംഭവിച്ച കാവഡിനെ കുറിച്ച് ചോദിച്ചപ്പോൾ തീർഥാടകർ മറുപടിയൊന്നും പറഞ്ഞില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പരിശോധനയിലും കേടുപാടുകൾ സംഭവിച്ചതായി പൊലീസിന് കണ്ടെത്താനായില്ല. മനഃപൂർവം കാർ തടഞ്ഞുനിർത്തി ഡ്രൈവറെ കാരണമില്ലാതെ ആക്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. ഇതേതുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണം നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസിന്‍റെ ഇടപെടലുണ്ടായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്ന് റെസ്റ്റോറന്‍റ് ഉടമ പ്രദീപ് കുമാർ പറഞ്ഞു. ആക്രമണത്തിൽ ആഖ്വിബിന് തലയിലും കൈകളിലും പുറത്തുമടക്കം പരിക്കേറ്റു. ചികിത്സ തേടിയ ശേഷം പ്രതികരണവുമായി ആഖ്വിബ് രംഗത്തെത്തി.
കാവഡ് യാത്രികർ കടന്നുപോകുന്നതിന്റെ തിരക്ക് മൂലം പതുക്കെയാണ് താൻ വാഹനം ഓടിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇതുവഴി വന്ന ഒരു ബൈക്ക് തൻ്റെ കാറിനു മുന്നിൽ മറിഞ്ഞു. പിന്നാലെ കാവഡ് യാത്രികരിലൊരാൾ തൻ്റെ കാറിൽ ഇടിച്ചു. തുടർന്ന് ഒരു കൂട്ടം കാവഡ് യാത്രികർ തന്റെ നേർക്ക് തിരിഞ്ഞ് അവരുടെ വിശുദ്ധജലം നശിപ്പിച്ചെന്ന് ആരോപിച്ച് നിഷ്കരുണം മർദിക്കാൻ തുടങ്ങി. അവർ തന്റെ വാഹനവും നശിപ്പിച്ചു. വണ്ടിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു”- അഖിബ് പറഞ്ഞു.