ബംഗളൂരു: നോർത്ത് കന്നഡ, ഷിരൂർ അപകടത്തിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വിജയത്തിലേക്കെന്ന് സൂചന. ഗംഗാവാലി നദിയിൽ നടത്തിയ തെരച്ചിലിൽ ഒരു ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. കർണാടക റവന്യൂ മന്ത്രിയും ഷിരൂർ എസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ കണ്ടെത്തിയ അർജുന്റെ ട്രക്ക് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് ഉടൻ ട്രക്ക് വൈകാതെ കരക്ക് എത്തിക്കും. നാവിക സേനയുടെയും കരസേനയുടെയും ഉപകരണങ്ങൾ ഒരേ സ്ഥലത്ത് തന്നെ സിഗ്നൽ കണ്ടെത്തിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.
ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും.
കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ലോങ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോഹത്തിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.
ഷിരൂർ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയിൽ തടിക്കെട്ടാൻ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അർജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.





