‘അവിടെയുള്ളത് എന്റെ മോനാ, ജീവനോടെ വരുമെന്ന പ്രതീക്ഷ ഇനിയില്ല; മലയാളികളായതുകൊണ്ട് പിന്തുണ കിട്ടി’

0
1330

അങ്കോല (കര്‍ണാടക): നിരാശനിറഞ്ഞ മറ്റൊരു ദിനം കൂടി കടന്നു പോയി. ഓരോ ദിനം അവസാനിക്കുമ്പോഴും ആ അമ്മ കരുതിയിട്ടുണ്ടാകണം, ‘അർജുനെ കണ്ടെത്തി’ എന്ന സന്തോഷവാർത്തയുമായൊരു ഫോൺ കോളെത്തുമെന്ന്. എന്നാൽ കാണാതായിട്ട് ഒരാഴ്ചയായി, യാതൊരു വിവരവുമില്ല. സൈന്യവും രക്ഷാപ്രവർത്തകരും അർജുന് വേണ്ടി തിരച്ചിൽ തുടർന്നുവെങ്കിലും ഇപ്പോഴും അവൻ കാണാമറയത്ത് തന്നെ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘ടണൽ ദുരന്തത്തിൽപെട്ടവർ തിരികെ വന്നതുപോലെ, എന്റെ മോൻ ജീവനോടെ തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്നത്തോടെ അതും മാറി’ എല്ലാ പ്രതീക്ഷയുമറ്റ് ഒടുവിൽ അർജുന്റെ അമ്മ ഷീല ഹൃദയവേദനയോടെ മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി.

ഇപ്പോഴുള്ള തിരച്ചിൽ കാണുമ്പോൾ, വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് അവർക്ക് അഭിമാനപ്രശ്നമായി മാറിയിട്ടുണ്ടോ എന്ന് തോന്നുന്നു. മാധ്യമങ്ങളുടെ മുമ്പിൽ ഇങ്ങനെ വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. വൈകുന്നേരം വരെയുള്ള അന്വേഷണം നിരീക്ഷിച്ചു. അവിടെയുള്ള ഉദ്യോഗസ്ഥരുമായി കളക്ടർ മുഖേന നേരത്തെ ബന്ധപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നമ്പർ കൊടുക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ അപ്പപ്പോൾ അറിയിക്കാമെന്നും പറഞ്ഞിരുന്നു.

മിനിയാന്ന് വൈകുന്നേരം ആറ് മണിക്ക് അവിടെ നിന്ന് വിളിച്ച് എല്ലാ സംശയങ്ങളും ചോദിക്കാമെന്നും അവിടെ നടക്കുന്ന ഫോട്ടോസും വീഡിയോസും അയച്ചു തരാമെന്നും അവർ പറഞ്ഞു. എന്നാൽ അയച്ചു തന്ന ഫോട്ടോകൾ കുറച്ചു സമയത്തിന് ശേഷം അവർ ഡിലീറ്റ് ചെയ്തു. പിന്നെ അവരുടെ യാതൊരു വിവരവുമില്ല- ഷീല മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടിൽ നിന്ന് മൂന്നാളുകൾ പോയിരുന്നു. എന്നാൽ ആരേയും അവിടേക്ക് കടത്തിവിടുന്നില്ല. എന്തോ തെറ്റ് ചെയ്ത കള്ളന്മാരെ നോക്കുന്നത് പോലെയാണ് അവർ നോക്കുന്നത്. സൈന്യത്തെ രക്ഷാപ്രവർത്തനത്തിന് വിളിച്ചു വരുത്തിയത് ആരെയോ കാണിക്കാൻ വേണ്ടി എന്നതുപോലെയാണ്. യാതൊരു സംവിധാനവും ഇല്ലാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്- ഷീല പറഞ്ഞു.

പുഴയുടെ അരികിൽ ഒരു വലിയ കുഴി ഉണ്ടായിരുന്നു. അതിലേക്ക് തെന്നി വീഴാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരിടത്ത് നിന്ന് മണ്ണെടുത്ത് ആ കുഴിയിലേക്ക് തള്ളുന്ന സാഹചര്യമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനായി കൊണ്ടുവന്ന ഡിറ്റക്ടറുകൾ ഒന്നും ഒരു ഉപകാരവുമില്ല, അവ ചെറിയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. മനുഷ്യന് ഇത്രയേ വിലയുള്ളൂ?- അവർ ചോദിച്ചു.

അർജുന് വേണ്ടിയുള്ള തിരച്ചിലിൽ അവിടെ നിന്ന് വേറെയും കുറെ മൃതദേഹങ്ങൾ കിട്ടി എന്ന് പറഞ്ഞ ഷീല, ഇതൊക്കെ പുറം ലോകം അറിയുന്നുണ്ടോ എന്നും ചോദിച്ചു. മലയാളികളായതുകൊണ്ടാണ് എല്ലാവരുടേയും പിന്തുണയും ശ്രദ്ധയും കിട്ടുന്നതെന്ന് ഇളയ മകൻ പറയുന്നത്. ഇതൊന്നുമില്ലാതെ, തങ്ങളുടെ ആളുകളേയും കാണാതായിട്ടുണ്ട് എന്ന് പറഞ്ഞ് മൂന്ന് തമിഴ് സ്ത്രീകളും അവിടെ വന്നു. ആളുകളെ കാണാതായിട്ടുണ്ട് എന്ന് പറയുമ്പോൾ അവരെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. പുഴയുടെ അപ്പുറത്തും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ആർക്കും നീതിയൊന്നും കിട്ടുന്നില്ലെന്നും അവൻ പറഞ്ഞുവെന്ന് അർജുന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഹോട്ടലിൽ നിന്ന് ഒരാളെ കാണാതായി എന്ന് പറഞ്ഞപ്പോൾ അവരുടെ മുമ്പിൽ കൂടി ഹോട്ടലിന്റെ സൈഡിൽ മണ്ണ് കോരിയിടുകയാണ് അവർ ചെയ്തതെന്നും അർജുന്റെ അമ്മ ആരോപിച്ചു.

ടണൽ ദുരന്തത്തിൽ പെട്ട് ജീവനോടെ തിരിച്ചെത്തിയവരെ പോലെ എന്റെ മോൻ ജീവനോടെ തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇനി മോനെ ജീവനോടെ കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. അവിടത്തെ ഭരണത്തിനോടും പോലീസിനോടും ഒരു വിശ്വാസവും വരുന്നില്ല. ഇപ്പോൾ കേന്ദ്രത്തോടും വരുന്നില്ല. സഹായിക്കാനായിരുന്നു കേന്ദ്രം സൈന്യത്തെ വിട്ടിരുന്നെങ്കിൽ അതിന് വേണ്ട സംവിധാനങ്ങൾ അവരുടെ കൈയിൽ ഉണ്ടാകുമായിരുന്നു- വിതുമ്പിക്കൊണ്ട് ഷീല പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക